സഞ്ജുവും കൂട്ടരും ഡബിള്‍ സ്‌ട്രോങ്; ഹൈദരാബാദിനെതിരെ രാജസ്ഥാന് കൂറ്റന്‍ ജയം

ഐപിഎല്‍ 16-ാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഹൈദരാബാദിനെതിരെ രാജസ്ഥാന് 72 റണ്‍സിന്‍റെ കൂറ്റന്‍ ജയം. രാജസ്ഥാന്‍ മുന്നോട്ടുവെച്ച 204 വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സണ്‍റൈസേഴ്‌സിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് നേടാനെ ആയുള്ളു.

രാജസ്ഥാന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ സണ്‍റൈസേഴ്‌സ് ബാറ്റര്‍മാര്‍ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനായില്ല. ചെറിയ ചെറുത്തുനില്‍പ്പിന് പോലും മുതിരാതെ ബാറ്റര്‍മാരെല്ലാം കൂടാരം കയറി. 32 റണ്‍സെടുത്ത അബ്ദുള്‍ സമദാണ് അവരുടെ ടോപ് സ്‌കോറര്‍.

അവസാന ഓവറുകളില്‍ ഉമ്രാന്‍ മാലിക്കും അബ്ദുള്‍ സമദും നടത്തിയ വെടിക്കെട്ടാണ് ഹൈദരാബാദിന്‍റെ തോല്‍വി ഭാരം കുറച്ചത്. ഉമ്രാന്‍ മാലിക് രണ്ട് സിക്സിന്‍റെയും ഒരു ഫോറിന്‍റെയും അകമ്പടിയില്‍ 19 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മായങ്ക് അഗര്‍വാള്‍ 27 ഉം അദില്‍ റാഷിദ് 18 റണ്‍സും നേടി.

രാജസ്ഥാനായി യുസ്‌വേന്ദ്ര ചഹല്‍ നാല് വിക്കറ്റ് വീഴ്ത്തി. ട്രെന്റ് ബോള്‍ട്ട് രണ്ടും ജേസന്‍ ഹോള്‍ഡര്‍, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ അര്‍ദ്ധ സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാള്‍, ജോസ് ബട്ട്ലര്‍, ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ എന്നിവരുടെ ഇന്നിംഗ്സ് മികവിലാണ് രാജസ്ഥാന്‍ മികച്ച സ്‌കോറിലെത്തിയത്. 32 പന്തില്‍ നിന്ന് നാല് സിക്സും മൂന്ന് ഫോറുമടക്കം 55 റണ്‍സെടുത്ത സഞ്ജുവാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍.

ബട്ട്ലര്‍ 22 പന്തില്‍ നിന്ന് മൂന്ന് സിക്സും ഏഴ് ഫോറുമടക്കം 54 റണ്‍സും ജയ്‌സ്വാള്‍ 37 പന്തില്‍ നിന്ന് ഒമ്പത് ബൗണ്ടറിയടക്കം 54 റണ്‍സെടുത്തു. ദേവ്ദത്ത് പടിക്കല്‍ (2), റിയാന്‍ പരാഗ് (7) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഷിംറോണ്‍ ഹെറ്റ്മയര്‍ 16 പന്തില്‍ നിന്ന് 22 റണ്‍സോടെ പുറത്താകാതെ നിന്നു. ഹൈദരാബാദിനു വേണ്ടി ഫറൂഖിയും നടരാജനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.