അഹമ്മദാബാദില്‍ സാഹ ഷോ, റെയ്‌നയുടെ റെക്കോഡ് തകര്‍ത്തു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടുകയാണ്. ഓപ്പണിംഗ് കൂട്ടുകെട്ടില്‍ ഗില്‍-സാഹ സഖ്യം അടിച്ച് തകര്‍ത്തപ്പോള്‍ സ്വപ്നതുല്യമായ തുടക്കമാണ് ഗുജറാത്തിന് ലഭിച്ചത്. മത്സരത്തില്‍ ജിടി ഓപ്പണര്‍ വൃദ്ധിമാന്‍ സാഹ വെറും 20 പന്തില്‍ ഫിഫ്റ്റി തികച്ചു.

പവര്‍പ്ലേക്കുള്ളില്‍ സാഹ ഫിഫ്റ്റി പൂര്‍ത്തിയാക്കുന്നത് ഇത് രണ്ടാം തവണയാണ്. ഇതോടെ വമ്പന്‍ റെക്കോഡും സാഹ സ്വന്തം പേരിലാക്കി. ഇതോടെ പവര്‍പ്ലേയ്ക്കുള്ളില്‍ കൂടുതല്‍ തവണ ഫിഫ്റ്റി നേടുന്ന ഇന്ത്യക്കാരില്‍ കെഎല്‍ രാഹുലിനൊപ്പം തലപ്പത്തേക്കെത്തി. രണ്ട് പേരും രണ്ട് തവണയാണ് ഈ നേട്ടത്തിലെത്തിയത്.

ഓരോ തവണ ഈ നേട്ടത്തിലെത്തിയ അജിങ്ക്യ രഹാനെ, സുരേഷ് റെയ്ന, ഇഷാന്‍ കിഷന്‍, യശ്വസി ജയ്സ്വാള്‍, സണ്ണി സൊഹല്‍ എന്നിവരെയാണ് സാഹ മറികടന്നത്. കൂടാതെ ഐപിഎല്‍ പവര്‍പ്ലേയിലെ ഇന്ത്യക്കാരന്റെ ഉയര്‍ന്ന നാലാമത്തെ സ്‌കോറും സാഹ സ്വന്തം പേരിലാക്കി.

87 റണ്‍സുമായി സുരേഷ് റെയ്ന തലപ്പത്ത് നില്‍ക്കുമ്പോള്‍ 63 റണ്‍സുമായി ഇഷാന്‍ കിഷനും 55 റണ്‍സുമായി കെ എല്‍ രാഹുലും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. 54 റണ്‍സുമായാണ് സാഹ നാലാം സ്ഥാനത്തേക്കെത്തിയിരിക്കുന്നത്. ഈ സീസണില്‍ പവര്‍പ്ലേയില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുന്ന താരമെന്ന റെക്കോഡ് ജോസ് ബട്ലറോടും കെയ്ല്‍ മെയേഴ്സിനോടും പങ്കിടാനും സാഹക്ക് സാധിച്ചു.

ലഖ്നൗവിനെതിരെ 43 പന്തില്‍ 81 റണ്‍സാണ് സാഹ നേടിയത്. 10 ബൗണ്ടറികളും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം.