രാജസ്ഥാനെതിരായ മത്സരം; പഞ്ചാബിന് കരുത്തായി സൂപ്പര്‍ താരം ടീമില്‍

രാജസ്ഥാന്‍ റോയല്‍സിനെതിരായ പോരാട്ടത്തിന് മുമ്പ് പഞ്ചാബ് കിംഗ്സ് ടീമിന് വലിയ ഉത്തേജനം നല്‍കുന്ന വാര്‍ത്ത. ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡ ടീമിനൊപ്പം ചേര്‍ന്നതാണ് പഞ്ചാബിനെ സന്തോഷിപ്പിക്കുന്നത്. റബാഡയുടെ വരവ് ഏറെ പ്രതീക്ഷയോടെയാണ് ടീം നോക്കികാണുന്നത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ ഇന്നത്തെ മത്സരത്തില്‍ താരം പ്ലെയിംഗ് ഇലവനിലുണ്ടാകുമെന്നാണ് അറിയുന്നത്.

പഞ്ചാബ് കിംഗ്സുമായുള്ള റബാഡയുടെ രണ്ടാം സീസണാണിത്. ആദ്യ സീസണില്‍, അതായത്, 2022 ലെ ഐപിഎല്ലില്‍ റബാഡ ടീമിനായി 13 മത്സരങ്ങള്‍ കളിക്കുകയും 23 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. ഐപിഎല്ലിന്റെ ഈ സീസണില്‍ റബാഡ അര്‍ഷ്ദീപ് സിംഗ്, സാം കുറാന്‍ എന്നിവരോടൊപ്പം ചേരും.

റബാഡ ഐപിഎല്ലിലെ പരിചയസമ്പന്നനായ താരമാണ്. പഞ്ചാബ് ഫ്രാഞ്ചൈസിക്ക് മുമ്പ് അദ്ദേഹം ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമായിരുന്നു. ഡിസിയിലെ ഫാസ്റ്റ് ബൗളിംഗ് സംഘത്തിന്റെ തലവനായിരുന്നു റബാഡ. 2021-ല്‍ പര്‍പ്പിള്‍ ക്യാപ്പ് റബാഡയുടെ തലയിലായിരുന്നു. ഐപിഎല്ലിന്റെ ആ പതിപ്പില്‍ അദ്ദേഹം 30 വിക്കറ്റ് വീഴ്ത്തി.

മഴ കളിച്ച മത്സരത്തില്‍ കെകെആറിനെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് പഞ്ചാബ് കിംഗ്സിന്റെ വരവ്. രാജസ്ഥാന്‍ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 72 റണ്‍സിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് കളിക്കാനിറങ്ങുന്നത്.

നേര്‍ക്കുനേര്‍ കണക്കില്‍ രാജസ്ഥാന് മുന്‍തൂക്കമുണ്ട്. 24 തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 14 തവണയും ജയം രാജസ്ഥാനൊപ്പം. 10 തവണയാണ് പഞ്ചാബിന് ജയിക്കാനായത്.