പഴയ സൂര്യയാകാന്‍ അവന് വെറും പത്ത് ബോളുകള്‍ മതി; പിന്തുണച്ച് സഹതാരം

സൂര്യകുമാര്‍ യാദവിന്റെ മോശം ഫോം മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന കാര്യമല്ലെന്നു ടീമിലെ വെറ്ററന്‍ ലെഗ് സ്പിന്നര്‍ പിയൂഷ് ചൗള. സൂര്യക്കു പഴയ ഫോമിലേക്കു തിരികെയെത്താന്‍ വളരെ കുറച്ചു ബോളുകളുടെ ആവശ്യം മാത്രമേയുള്ളൂവെന്നും അദ്ദേഹം തിരിച്ചെത്താന്‍ കഴിയുമെന്ന പൂര്‍ണ ആത്മവിശ്വാസത്തിലാണെന്നും ചൗള പറഞ്ഞു.

സൂര്യകുമാര്‍ യാദവിന്റെ ഫോമില്‍ ആശങ്കയല്ല. ഈ ഫോര്‍മാറ്റില്‍ ഫോമിലേക്കു മടങ്ങിയെത്തുന്നതിനു വേണ്ടി വെറും 10 ബോളുകള്‍ മാത്രമേ ആവശ്യമുള്ളൂ. നാലു ഫോറുകളടിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ ഫോമിലേക്കു മടങ്ങിയെത്തും. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള മാച്ചില്‍ ആദ്യ ബോളിലാണ് സൂര്യ പുറത്തായത്. ഇതു സംഭവിക്കാവുന്നതാണ്. സാഹചര്യം അത്തരത്തിലുള്ളതായിരുന്നു. സൂര്യയുടെ ആ ഷോട്ട് ഫോറോ, സിക്സറോ ആവേണ്ടതായിരുന്നു. പക്ഷെ സംഭവിച്ചത് ഇതാണ്.

സൂര്യകുമാര്‍ യാദവ് വളരെ സ്പെഷ്യലായിട്ടുള്ള ബാറ്ററാണ്. അദ്ദേഹത്തിനു ആത്മവിശ്വാസക്കുറവൊന്നുമില്ല. ഇപ്പോഴും വളരെ ആത്മവിശ്വാസത്തില്‍ തന്നെയാണ്. ഒരു 10 ബോളുകള്‍ മാത്രമേ അദ്ദേഹത്തിനു ആവശ്യമുള്ളൂ. ഫോമിലേക്കു തീര്‍ച്ചയായും അവന്‍ തിരികെയെത്തും- പിയൂഷ് ചൗള പറഞ്ഞു.

ഐപിഎല്‍ 16ാം സീസണില്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം മുംബൈ ഇന്ത്യന്‍സ് ഇന്നലെ ജയിച്ചു. എന്നാല്‍ അവിടയെും മാറ്റമില്ലാതെ തുടരുകയാണ് ലോക ഒന്നാം നമ്പര്‍ ടി20 ബാറ്റര്‍ സൂര്യകുമാര്‍ യാദവ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഇന്നലെ നടന്ന മത്സരത്തിലും താരം ഗോള്‍ഡന്‍ ഡക്കായാണ് മടങ്ങിയത്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ഹാട്രിക് ഗോള്‍ഡന്‍ ഡെക്കിന്റെ നാണക്കേടില്‍ നിന്ന് പതിയെ കരകേറവെയാണ് വീണ്ടും സൂര്യ നാണംകെട്ടിരിക്കുന്നത്.

സൂര്യകുമാര്‍ യാദവിന്റെ അവസാന ആറ് ഇന്നിംഗ്‌സ് പരിശോധിച്ചാല്‍ ലോക ഒന്നാം നമ്പര്‍ താരത്തിന് ഉണ്ടായിരിക്കേണ്ട നമ്പരുകളല്ല കാണാനാവുക. ഓസ്‌ട്രേലിയക്കെതിരേ 8, 0, 0, 0, ആര്‍സിബിക്കെതിരേ 15, സിഎസ്‌കെയ്‌ക്കെതിരേ 1 എന്നിങ്ങനെയാണ് സൂര്യകുമാറിന്റെ സമ്പാദ്യം.