ചിന്നസ്വാമി.. അത് അയാളുടെ കെജിഎഫ് ആണ്; പ്രിയ വിരാട് ഒരിക്കല്‍ കൂടി 2016 ആവര്‍ത്തിക്കൂ

മൂന്ന് വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞെത്തുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ സ്വീകരിക്കാന്‍ ഗുല്‍മോഹറുകള്‍ പൂത്തുലഞ്ഞത് പോലെ അണിഞ്ഞൊരുങ്ങി നിന്ന ചിന്നസ്വാമിയില്‍, ഉള്ളം കയ്യിലെ രേഖകള്‍ പോലെ തനിക്ക് സുപരിചിതമായ മൈതാനത്ത് വിരാട് കോഹ്ലിയുടെ സംഹാരതാണ്ഡവം. തനിക്കെതിരെ വരുന്ന ബോളര്‍മാരോ ഫീല്‍ഡ് പ്ലേസ്‌മെന്റോ ബൗണ്ടറികളുടെ അകലമോ ഒന്നും തന്നെ ബാധിക്കാനേ പോകുന്നില്ലന്ന് വിളംബരം ചെയ്യുന്ന വിന്റേജ് വിരാട് കിംഗ് കോഹ്ലി ബാക്ക് ഇന്‍ ആക്ഷന്‍..

വേഗം കൊണ്ട് തന്നെ പരീക്ഷിക്കുന്ന ലോകക്രിക്കറ്റിലെ പ്രീമിയം ബോളര്‍മാരിലൊരാളായ ജോഫ്ര ആര്‍ച്ചെറിനെ സ്റ്റെപ്പ് ഔട്ട് ചെയ്ത് ഗാലറിയില്‍ എത്തിച്ചു കൊണ്ടാണ് വിരാട് തുടങ്ങുന്നത്. ഇമ്പാക്ട് പ്ലയറായി ഗ്രൗണ്ടില്‍ എത്തുന്ന ബഹ്‌റന്‌ഡോഫിനെയും സ്റ്റെപ്പ് ഔട്ട് ചെയ്ത് സിക്‌സര്‍ നേടുന്ന വിരാട് തികച്ചും ഒരു ഹോളിഡേ മൂഡിലായിരുന്നു ബാറ്റ് ചെയ്തത്. മുംബൈയുടെ പുത്തന്‍ താരോദയങ്ങളായ ഷോകീനെയും അര്‍ഷാദ് ഖാനെയും നിലം തൊടീച്ചില്ല അയാള്‍.

ഡുപ്ലസി മറുവശത്ത് റണ്‍ കണ്ടെത്തികൊണ്ടേയിരുന്നപ്പോഴും ആങ്കര്‍ റോള്‍ ഏറ്റെടുക്കാതെ അറ്റാക്കിങ് മോഡില്‍ തന്നെ ബാറ്റ് ചലിപ്പിച്ചു കൊണ്ടേയിരുന്നു വിരാട്. മുംബൈ ബോളിങ് നിരക്ക് ഒരു ചാന്‍സും നല്‍കാതെ ആദ്യ ആറോവറിനുള്ളില്‍ തന്നെ അവരെ മത്സരത്തിന് പുറത്തിരുത്തുന്ന കംപ്ലീറ്റ് ഡോമിനേഷന്‍. കേവലം 16.2 ഓവറില്‍ 172 എന്ന ഒട്ടും ചെറുതല്ലാത്ത ചേസ് പൂര്‍ത്തിയാക്കുമ്പോള്‍ 49 പന്തുകളില്‍ 82 റണ്ണുകളുമായി ചേസ് മാസ്റ്റര്‍ അജയ്യനായി ഒരറ്റത്തുണ്ടായിരുന്നു..

റണ്‍ദാഹിയായ വിരാട് കോഹ്ലിയിലേക്കുള്ള മടക്കയാത്രയിലാണയാള്‍ എന്ന തോന്നലാണുയരുന്നത്, ഗാലറിയില്‍ ഉയര്‍ന്ന പ്ലക്കാര്‍ഡുകള്‍ പോലെ ‘പ്രിയ വിരാട് ഒരിക്കല്‍ കൂടി 2016 ആവര്‍ത്തിക്കൂ’ എന്ന ആരാധകരുടെ ആവശ്യം ഹൃദയത്തില്‍ ഏറ്റുവാങ്ങി ബാറ്റ് ചെയ്യാനയാള്‍ തീരുമാനിച്ചാല്‍ തങ്ങളുടെ ആദ്യ ഐപിഎല്‍ കിരീടത്തിലേക്കുള്ള യാത്രയില്‍ വീണ് പോകാത്ത വിരാട് കോഹ്ലി റോയല്‍ ചാലഞ്ചേഴ്‌സിന് നല്‍കുന്ന ഊര്‍ജ്ജം ചെറുതാകില്ല..Come on Virat go ahead

എഴുത്ത്: അമല്‍ ഓച്ചിറ

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍