'ഐപിഎല്‍ 2023 ഫൈനല്‍ നേരത്തേ തയ്യാറാക്കിയ തിരക്കഥ'; തുറന്നുപറഞ്ഞ് ധോണി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2023 ന്റെ കലാശക്കൊട്ട് സമീപകാലത്ത് കണ്ട ഏറ്റവും മികച്ച ഫൈനലുകളിലൊന്നായി പരക്കെ ബഹുമാനിക്കപ്പെടുന്ന ഒന്നാണ്. മെയ് 29 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഗുജറാത്ത് ടൈറ്റന്‍സുമായി ഏറ്റുമുട്ടി. കളിയുടെ പല ഘട്ടങ്ങളിലും മഴ തകര്‍ത്തു കളിച്ചപ്പോള്‍ ഏറ്റുമുട്ടല്‍ റിസര്‍വ് ഡേയിലേക്ക് പോലും തള്ളപ്പെട്ടു.

എന്നിരുന്നാലും, എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ് വിജയിക്കുകയും അവരുടെ അഞ്ചാം ഐപിഎല്‍ കിരീടം നേടുകയും ചെയ്തു. ആര്‍ഐജിഐയുടെ പ്രൊമോഷണല്‍ ഇവന്റില്‍ ഇതേക്കുറിച്ച് സംസാരിച്ച എംഎസ് ധോണി, ഐപിഎല്‍ 2023 ഫൈനല്‍ ദൈവം എഴുതിയ തിരക്കഥയാണെന്നു തോന്നുന്നുവെന്ന് അഭിപ്രായപ്പെട്ടു.

ദൈവം വളരെ നന്നായി തയ്യാറാക്കിയ തിരക്കഥ പോലെയാണ് അതു കാണപ്പെടുന്നത്. കാരണം ഞങ്ങള്‍ക്കു സമയത്തു റണ്‍ചേസ് ആരംഭിക്കാനായില്ല. മൂന്നു ദിവസങ്ങളിലേക്കു നീണ്ട ഏക ഐപിഎല്‍ ഫൈനല്‍ കൂടിയായിരുന്നു അത്. അവര്‍ (ജിടി) നേടിയ റണ്‍സ് നോക്കൂ. ഇന്നിംഗ്സിന്റെ തുടക്കത്തില്‍ തന്നെ ഞങ്ങള്‍ക്കു ഒരു ലക്ഷ്യം നേടാമായിരുന്നു, അതു തന്നെയാണ് അക്ഷരാര്‍ഥത്തില്‍ സംഭവിക്കുകയും ചെയ്തത്.

റണ്‍ചേസില്‍ ഞങ്ങള്‍ക്കു ബൗണ്ടറി ആവശ്യമായിരുന്ന സമയത്തെല്ലാം എങ്ങനെയെങ്കിലും അതു നേടിയെടുക്കാന്‍ സാധിച്ചിരുന്നു. അതുകൊണ്ടു തന്നെ അവയെല്ലാം നേരത്തേ തയ്യാറാക്കിയ ഒരു തിരക്കഥ പോലെയായിരുന്നു. ഇപ്പോള്‍ ഒരു ബൗണ്ടറി ഞങ്ങള്‍ക്കു വേണം, സിക്സില്ലെങ്കില്‍ കുറഞ്ഞത് ഒരു ഫോറെങ്കിലും വേണം. അപ്പോള്‍ ആരെങ്കിലും ഒരു ബൗണ്ടറി ഞങ്ങള്‍ക്കായു നേടും. അതുകൊണ്ടു തന്നെ എല്ലാം അവസാനത്തെ ഓവര്‍ വരെ പ്ലാന്‍ പോലെയാണ് നടന്നത്. ടീമിനു വിജയിക്കാനാവശ്യമായ ആ റണ്‍സ് രവീന്ദ്ര ജഡേജ നേടിയതില്‍ വളരെയധികം സന്തോഷവാനാണ്- ധോണി പറഞ്ഞു.