ഐ.പി.എല്‍ 2023: റിവ്യൂ നിയമത്തില്‍ ചരിത്രമാറ്റത്തിന് ഒരുങ്ങി ബി.സി.സി.ഐ

ഐപിഎല്‍ 16ാം സീസണ്ഡ ഈ മാസം 31 ന് ആരംഭിക്കാനിരിക്കെ റിവ്യൂ നിയമത്തില്‍ ചരിത്ര മാറ്റം കൊണ്ടുവരാനൊരുങ്ങി ബിസിസിഐ. ഈ സീസണ്‍ മുതല്‍ വൈഡും നോബോളും റിവ്യൂവില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിലാണ് ബിസിസിഐ. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ബിസിസി ഐ നടത്തിയിട്ടില്ല. നിലവില്‍ വിക്കറ്റ് മാത്രമാണ് റിവ്യൂ ചെയ്യാനാവുക.

പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ ഈ പുതിയ മാറ്റം നടപ്പിലാക്കിക്കഴിഞ്ഞു. അംപയര്‍ വൈഡും നോബോളും വിളിക്കുന്ന പന്തുകളില്‍ അഭിപ്രായ ഭിന്നതയുണ്ടെങ്കില്‍ റിവ്യൂ ചെയ്യാന്‍ ടീമിന് അവസരമുണ്ടായിരിക്കും. ഇത് ഫലപ്രദമായി നടപ്പിലാക്കാന്‍ വനിതാ പ്രീമിയര്‍ ലീഗില്‍ സാധിക്കുന്നുണ്ട്. ഈ നിയമം ഇതിനോടകം ഉപയോഗിക്കപ്പെടുകയും ചെയ്തു.

ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്ററായ ജെമീമ റോഡ്രിഗസാണ് ആദ്യമായി ഈ റിവ്യൂ എടുത്തത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലായിരുന്നു ഇത്. ജെമീമ ബാറ്റ് ചെയ്യവെ ആര്‍സിബിയുടെ മേഗന്‍ സ്‌കട്ട് എറിഞ്ഞ ഫുള്‍ട്ടോസ് ജെമീമ സ്‌ക്വയര്‍ ലെഗില്‍ ബൗണ്ടറിയാക്കി. എന്നാല്‍ ഈ പന്ത് കൂടുതല്‍ ഉയര്‍ന്നിട്ടുണ്ടെന്നും നോബോളാണെന്നും വിലയിരുത്തിയ ജെമീമ നോബോളിന് അപ്പീല്‍ ചെയ്തെങ്കിലും ഫീല്‍ഡ് അംപയര്‍ അനുവദിച്ചില്ല.

ഇതോടെ തീരുമാനം റിവ്യുചെയ്യാന്‍ ജെമീമ തീരിമാനിക്കുകയായിരുന്നു. എന്നാല്‍ റിവ്യൂവില്‍ ഇത് നോബോളല്ലെന്ന് വ്യക്തമായി. ഇതിന് മുമ്പ് നിരവധി വിവാദങ്ങളാണ് നോബോളിന്റെയും വൈഡിന്റെയും പേരില്‍ നടന്നിട്ടുള്ളത്. മത്സര ഫലങ്ങളെയും ഇത് മാറ്റിമറിച്ചിട്ടുണ്ട്. അതിനാല്‍ ഈ നീക്കം മികച്ചതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.