എല്ലാ ഭാരവും അവന്‍റെ തലയില്‍ വെയ്ക്കാനാവില്ല; മുംബൈക്കെതിരെ ഇര്‍ഫാന്‍ പത്താന്‍

ഐപിഎല്‍ 2023 പ്ലേഓഫിലേക്ക് യോഗ്യത നേടണമെങ്കില്‍ മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ടെന്ന് ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍. തിലക് വര്‍മ്മയെ മാത്രം ആശ്രയിക്കാനാവില്ലെന്നും സീനിയര്‍ താരങ്ങള്‍ ഉത്തരവാദിത്വം കാണിക്കമമെന്നും പത്താന്‍ പറഞ്ഞു.

മുംബൈ ഇന്ത്യന്‍സിന് ഈ സീസണില്‍ മികച്ച പ്രകടനം നടത്തുകയും യോഗ്യത നേടുകയും ചെയ്യണമെങ്കില്‍, ബാറ്റിംഗില്‍ തീര്‍ച്ചയായും ശക്തി കാണിക്കേണ്ടതുണ്ട്. കാരണം മുംബായുടെ ബോളിംഗ് അത്ര ശക്തമല്ല. അതിനാല്‍ ബാറ്റിംഗിലൂടെ അവര്‍ക്ക് അത് മറയ്‌ക്കേണ്ടിവരും.

രണ്ട് യുവ ബാറ്റ്സ്മന്‍മാര്‍ അവരുടെ കരുത്ത് കാണിച്ചു. അവര്‍ക്ക് വലിയ ഷോട്ടുകള്‍ കളിക്കാന്‍ കഴിയുമെന്ന് അവര്‍ കാണിച്ചു. പക്ഷേ നിങ്ങള്‍ക്ക് എല്ലാ ഉത്തരവാദിത്തവും തിലക് വര്‍മ്മയില്‍ ഏല്‍പ്പിക്കാന്‍ കഴിയില്ല. രോഹിത് ശര്‍മ്മയില്‍നിന്നൊക്കെ മികച്ച പ്രകടനം വരേണ്ടതുണ്ട്- ഇര്‍ഫാന്‍ പത്താന്‍ നിരീക്ഷിച്ചു.

സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് എട്ട് വിക്കറ്റിനാണ് ആര്‍സിബിയോട്  പരാജയപ്പെട്ടത്. തൊട്ടതെല്ലാം രോഹിത്തിനും സംഘത്തിനും പിഴക്കുന്ന കാഴ്ചയാണ് ക്രിക്കറ്റ് ലോകം കണ്ടത്. ബാറ്റിംഗില്‍ പ്രമുഖരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ ബോളിംഗ് നിരയും പരാജയമായി. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടിയപ്പോള്‍ മറുപടിയില്‍ ആര്‍സിബി 16.2 ഓവറില്‍ വിജയലക്ഷ്യം മറികടന്നു.