അവന്റെ മന്ദഗതിയിലുള്ള തുടക്കം, ആ എട്ട് പന്തുകള്‍ മത്സരത്തിന്റെ ഗതി മാറ്റി; തോറ്റപ്പോള്‍ വാളോങ്ങി ശാസ്ത്രി

ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തിലെ രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗിന്റെ ബാറ്റിംഗിനെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. പരാഗിന്റെ മന്ദഗതിയിലുള്ള തുടക്കമാണ് മത്സരത്തിന്റെ ഗതി മാറ്റിയതെന്നും പരാഗിന്റെ തട്ടല്‍ കാരണം ദേവദത്ത് പടിക്കലിനും തന്റെ താളം നഷ്ടമായെന്നും ശാസ്ത്രി വിലയിരുത്തി. റോയല്‍സിന് ആവശ്യമായ റണ്‍ റേറ്റ് 10 കടന്നപ്പോള്‍ പരാഗ് തന്റെ ആദ്യ എട്ട് പന്തില്‍ നാല് റണ്‍സ് മാത്രമാണ് നേടിയിരുന്നത്.

അവര്‍ക്ക് സാംസണെ നഷ്ടപ്പെട്ടു, അവര്‍ക്ക് ബട്ട്ലറെയും ജയ്സ്വാളിനെയും നഷ്ടപ്പെട്ടു, പക്ഷേ അവര്‍ക്ക് തിരിച്ചു കയാറാന്‍ മാത്രമുള്ള ബാറ്റിംഗ് ഡെപ്ത് ഉണ്ടായിരുന്നു. എന്നാല്‍ റിയാന്‍ പരാഗ് വന്ന് നേരിട്ട ആദ്യ എട്ട് പന്തുകള്‍ കളിച്ച രീതി മത്സരത്തിന്റെ ഗതി മാറ്റിമറിച്ചുവെന്ന് ഞാന്‍ കരുതുന്നു. ഇതോടെ മറുവശത്ത് പടിക്കലും താളം തെറ്റി.

റണ്ണുകള്‍ സിംഗിള്‍സില്‍ വരാന്‍ തുടങ്ങി, ബൗണ്ടറികളില്ലാതെ 28 പന്തുകള്‍ ആ ഘട്ടത്തില്‍ കടന്നുപോയി. നിങ്ങള്‍ ബൗണ്ടറികളൊന്നും നേടാതെ ഇത്രയും സമയം കടന്നുപോകുമ്പോള്‍, നിങ്ങള്‍ പ്രശ്നങ്ങള്‍ സ്വയം പിടിച്ചുവാങ്ങുകയാണ്- ശാസ്ത്രി പറഞ്ഞു.

കമന്ററിക്കിടെ മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണും പരാഗിനെ വിമര്‍ശിച്ചിരുന്നു. മത്സരത്തില്‍ പരാഗ് ഒരു ഫോറും ഒരു സിക്‌സും അടിച്ച് 12 പന്തില്‍ 15 റണ്‍സുമായി പുറത്താകാതെ നിന്നു. പക്ഷേ റോയല്‍സിന് ഫിനിഷിംഗ് ലൈന്‍ മറികടക്കാന്‍ അത് പര്യാപ്തമായില്ല.