വില്യംസണ്‍ ടീം വിട്ടു, വിജയത്തിലും സണ്‍റൈസേഴ്‌സിന് തിരിച്ചടി

സണ്‍റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ടീം വിട്ട് നാട്ടിലേക്ക് മടങ്ങുന്നു. തന്റെ രണ്ടാമത്തെ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട് കുടുംബത്തോടൊപ്പം ചേരാനാണ് താരം നാട്ടിലേക്ക് മടങ്ങുന്നത്. ഇതിനായി താരം ടീമിന്റെ ബയോ ബബിള്‍ വിട്ടു.

‘ഞങ്ങളുടെ നായകന്‍ കെയ്ന്‍ വില്യംസണ്‍ തന്റെ കുടുംബത്തിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലിലേക്ക് തിരികെ ന്യൂസിലന്‍ഡിലേക്ക് പറക്കുന്നു. കെയ്ന്‍ വില്യംസണും ഭാര്യക്കും സുരക്ഷിതമായ പ്രസവവും ഒരുപാട് സന്തോഷവും ആശംസിക്കുന്നു’ താരത്തെ യാത്രയാക്കി സണ്‍റൈസേഴ്‌സ് ട്വീറ്റ് ചെയ്തു.

ഐപിഎല്ലില്‍ പ്ലേഓഫില്‍ എത്താനുള്ള നേരിയ പ്രതീക്ഷകള്‍ നിലനിര്‍ത്തിയാണ് വില്യംസണ്‍ മടങ്ങുന്നത്. മുംബൈ ഇന്ത്യന്‍സിനെതിരെ ഇന്നലെ നേടിയ വിജയം കണക്കിലെ കളിയില്‍ നിന്ന് സണ്‍റൈസേഴ്‌സിനെ പുറത്താകാതെ കാത്തിട്ടുണ്ട്.

മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ മൂന്നു റണ്‍സ് ജയമാണ് സണ്‍റൈസേഴ്‌സ് നേടിയത്. ഹൈദരാബാദ് ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംൈബയുടെ പോരാട്ടം 20 ഓവറില്‍ ഏഴു വിക്കറ്റിന് 190 റണ്‍സില്‍ അവസാനിച്ചു.