ആ ടീം പ്ലേഓഫില്‍ കടക്കില്ല, സാദ്ധ്യത ഇവര്‍ക്ക്; വമ്പന്‍ പ്രവചനവുമായി വെറ്റോറി

ഐപിഎല്‍ 15ാം സീസണില്‍ പ്ലേഓഫിലെത്താനിടയുള്ള നാലു ടീമുകളെ പ്രവചിച്ച് ന്യൂസിലാന്‍ഡ് മുന്‍ ക്യാപ്റ്റനും സ്പിന്‍ ഇതിഹാസവുമായ ഡാനിയേല്‍ വെറ്റോറി. സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്, ഈ സീസണില്‍ അരങ്ങേറിയ ടീമുകളായ ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഇതുവരെ കിരീടം ചൂടാത്ത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ടീമുകള്‍ പ്ലേഓഫില്‍ കടക്കുമെന്നാണ് വെറ്റോറിയുടെ നിരീക്ഷണം.

സീസണില്‍ ഇതുവരെ 38 മല്‍സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 12 പോയിന്റുമായി ഗുജറാത്ത് ടൈറ്റന്‍സാണ് ഒന്നാമത്. ഏഴു മല്‍സരങ്ങളില്‍ ആറിലും ജയിച്ചാണ് അവരുടെ കുതിപ്പ്. 10 പോയിന്റുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദാണ് രണ്ടാംസ്ഥാനത്ത്. ഏഴു മല്‍സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ അവര്‍ ജയിച്ചിട്ടുണ്ട്. ഇതേ പോയിന്റോടെ രാജസ്ഥാന്‍ റോയല്‍സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.

എന്നാല്‍ നിലവില്‍ രണ്ടാം സ്ഥാനത്തുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലേഓഫില്‍ കടക്കില്ലെന്നാണ് വെറ്റോറി പറയുന്നത്. ഈ സീസണില്‍ മിന്നുന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ടീമുകളിലൊന്നാണ് സണ്‍റൈസഴ്സ്. സീസണിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളും തോറ്റു തുടങ്ങിയ ഓറഞ്ച് ആര്‍മി ശക്തമായ മുന്നേറ്റമാണ് പിന്നീട് നടത്തിയത്.

റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ (10 പോയിന്റ്), പഞ്ചാബ് കിംഗ്‌സ് (8), ഡല്‍ഹി ക്യാപ്പിറ്റല്‍സ് (6), കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് (6) എന്നിവരാണ് അഞ്ച് മുതല്‍ ഒമ്പതുവരെ സ്ഥാനങ്ങളില്‍. കളിച്ച മത്സരത്തില്‍ എട്ടിലും തോറ്റ മുംബൈ പ്ലേഓഫില്‍ നിന്ന് പുറത്തായി കഴിഞ്ഞു. ഇനിയുടെ മത്സരങ്ങളിലെല്ലാം ജയിച്ചാല്‍ഡ ചെന്നൈയ്ക്കും പ്രതീക്ഷയുണ്ട്.