ഐ.പി.എല്‍ 2022: പുതിയ സീസണില്‍ വാര്‍ണര്‍ ബാംഗ്ലൂരിന് ഒപ്പം

ഐപിഎല്‍ 15ാം സീസണിന് മുന്നോടിയായി നടക്കാനിരിക്കുന്ന മെഗാ താരലേലത്തില്‍ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയേക്കുമെന്ന് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു കിടക്കുന്ന ബാംഗ്ലൂര്‍ ആ സ്ഥാനത്തേക്ക് വാര്‍ണറിനെ പ്രതിഷ്ഠിക്കുമെന്ന് ചോപ്ര കരുതുന്നില്ല.

‘ഐപിഎല്‍ താര ലേലത്തില്‍ കൂടുതല്‍ തുക കണ്ടെത്താന്‍ വാര്‍ണര്‍ക്ക് കഴിഞ്ഞേക്കും. ബാംഗ്ലൂരില്‍ കോഹ്‌ലിയും വാര്‍ണറും ചേര്‍ന്നാലുള്ള ഇടംകൈ-വലംകൈ കോമ്പിനേഷന്‍ ഗുണം ചെയ്‌തേക്കാം. എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ആരും വാര്‍ണറെ കൊണ്ടുവരില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കഴിഞ്ഞ വര്‍ഷം എന്താണ് സംഭവിച്ചത് എന്ന് എല്ലാവരും കണ്ടതാണ്. പ്രശ്‌നങ്ങള്‍ എന്തായിരുന്നു എന്ന് എല്ലാവര്‍ക്കും ധാരണയുണ്ട്’ ആകാശ് ചോപ്ര പറഞ്ഞു.

ഇന്ത്യന്‍ പ്രീമീയര്‍ലീഗില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഒഴിവാക്കിയതിന് പിന്നാലെ മെഗാലേലത്തില്‍ പുതിയ പ്രതീക്ഷയിലാണ് വാര്‍ണര്‍. കഴിഞ്ഞ ഐപിഎല്‍ സീസണിന്റെ പകുതിയ്ക്ക് വെച്ച് അദ്ദേഹത്തിന്റെ ടീമായ സണ്‍ റൈസേഴ്സ് ഹൈദരാബാദ് നായക സ്ഥാനത്ത് നിന്നും നീക്കുകയും പിന്നാലെ തന്നെ ടീമില്‍ നിന്നും ഒഴിവാക്കുകകയും ചെയ്തിരുന്നു.

2016 ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ഐപിഎല്‍ കിരീടം നേടിക്കൊടുത്ത നായകനാണ് ഡേവിഡ് വാര്‍ണര്‍. എന്നാല്‍ കഴിഞ്ഞ സീസണിലെ മോശം ഫോം താരത്തിന് തിരിച്ചടിയായി. എന്നാല്‍ ടി20 ലോക കപ്പില്‍ ഫോം വീണ്ടെടുത്ത വാര്‍ണര്‍ ഓസ്ട്രേലിയയെ കിരീടം ചൂടിച്ച് തന്റെ ശൗര്യം കാണിക്കുകയും ചെയ്തു.