കൊല്‍ക്കത്തയ്ക്ക് മുന്നില്‍ മുട്ടുവിറച്ച് സ്മിത്തും പിള്ളേരും; ഒടുവില്‍ റോയല്‍സും തോറ്റു

ഐ.പി.എല്‍ 13ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വിജയക്കുതിപ്പിന് മൂക്കുകയറിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 37 റണ്‍സിനാണ് രാജസ്ഥാനെ കൊല്‍ക്കത്ത പരാജയപ്പെടുത്തിയത്. കൊല്‍ക്കത്ത മുന്നോട്ടു വെച്ച 175 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ റോയല്‍സിന് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ ആയുള്ളു. കൊല്‍ക്കത്തയുടെ യുവബോളിംഗ് നിരയുടെ മികച്ച പ്രകടനമാണ് രാജസ്ഥാനെ മുട്ടുകുത്തിച്ചത്.

36 ബോളില്‍ 54 റണ്‍സെടുത്ത ടോം കറനാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. ബട്‌ലര്‍ (21), ടെവാട്ടിയ (14), സ്മിത്ത് (3), സഞ്ജു സാംസണ്‍ (8), ഉത്തപ്പ (2), പരാഗ് (1), എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. കൊല്‍ക്കത്തയ്ക്കായ് ശിവം മാവി, കംലേഷ് നാഗര്‍കോട്ടി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സുനില്‍ നരെയ്ന്‍, പാറ്റ് കമ്മിന്‍സ്, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Image

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് 174 റണ്‍സ് നേടിയത്. 34 ബോളില്‍ 47 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ഒരു സിക്‌സും 5 ഫോറുമടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്‌സ്. ഇയാന്‍ മോര്‍ഗന്‍ 23 ബോളില്‍ 34 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. നിതീഷ് റാണ 22 റണ്‍സും സുനില്‍ നരെയ്ന്‍ 15 റണ്‍സും ആന്ദ്രെ റസല്‍ 24 റണ്‍സും പാറ്റ് കമ്മിന്‍സ് 10 റണ്‍സും നേടി. ഒരു റണ്‍ മാത്രം എടുത്ത് നായകന്‍ ദിനേഷ് കാര്‍ത്തിക് നിരാശപ്പെടുത്തി.

രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍ നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. അങ്കിത് രാജ്പുത്, ജയ്‌ദേവ് ഉനദ്ഘട്ട്, രാഹുല്‍ തെവാട്ടിയ, ടോം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.