ടി20യില്‍ ഇന്ത്യന്‍ ടീമിന്റെ പ്രധാന പ്രശ്നം കോച്ച് രാഹുല്‍ ദ്രാവിഡ്; കാരണം പറഞ്ഞ് പാര്‍ഥിവ് പട്ടേല്‍

ടി20യില്‍ ഇന്ത്യന്‍ ടീമിന്റെ പ്രധാന പ്രശ്നം കോച്ച് രാഹുല്‍ ദ്രാവിഡാണെന്നു മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പാര്‍ഥിവ് പട്ടേല്‍. ദ്രാവിഡ് ഒരു പ്രോ ആക്ടീവ് കോച്ചോ, വ്യക്തിയോ അല്ലെന്നും ടി20 ക്രിക്കറ്റില്‍ ഫോര്‍മാറ്റില്‍ പ്രോ ആക്ടീവായ ഒരാളെയാണ് ടീമിനു ആവശ്യമെന്നും പാര്‍ഥിവ് പറഞ്ഞു.

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് ടീമിനോടൊപ്പം വളരെ ബ്രില്ല്യന്റായ ക്യാപ്റ്റനായിരുന്നു ഹാര്‍ദിക് പാണ്ഡ്യ. അവിടെ അദ്ദേഹത്തിനു കോച്ച് ആശിഷ് നെഹ്റയുടെ മികച്ച പിന്തുണയും ലഭിച്ചിരുന്നു. പക്ഷെ ഇന്ത്യന്‍ ടീമില്‍ കോച്ചായി രാഹുല്‍ ദ്രാവിഡാണ് ഹാര്‍ദിക്കിനൊപ്പമുള്ളത്. ദ്രാവിഡ് ഒരു പ്രോ ആക്ടീവ് കോച്ചോ, വ്യക്തിയോ അല്ല.

ടി20 ക്രിക്കറ്റില്‍ ഫോര്‍മാറ്റില്‍ പ്രോ ആക്ടീവായ ഒരാളെയാണ് ടീമിനു ആവശ്യം. ദ്രാവിഡിനു അതു സാധിക്കുമെന്നു ഞാന്‍ കരുതുന്നില്ല. ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക്കില്‍ ആ തീപ്പൊരിയുണ്ട്. പക്ഷെ അദ്ദേഹത്തിനു പ്രോ ആക്ടീവായി ചിന്തിക്കുന്ന ഒരു കോച്ചിന്റെ പിന്തുണ കൂടി ആവശ്യമാണ്. ദ്രാവിഡിന് അതു നല്‍കാന്‍ കഴിയുന്നില്ല- പാര്‍ഥിവ് നിരീക്ഷിച്ചു.

വിന്‍ഡീസിനെതിരേ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയ ഇന്ത്യ ടി20 പരമ്പര കൈവിടേണ്ടി വരുമോയെന്ന ആശങ്കയിലാണ് ഇപ്പോഴുള്ളത്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 0-2ന് പിന്നിലായ ഇന്ത്യയ്ക്ക് പരമ്പര പോരില്‍ തിരിച്ചെത്താന്‍ മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടിവരും.