'ഇത് യുവതാരങ്ങള്‍ക്ക് വേണ്ടി..'; വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ താരം

ഇന്ത്യന്‍ ക്രിക്കറ്റ് താരം സൗരഭ് തിവാരി പ്രൊഫഷണല്‍ ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ശക്തമായ ഇടംകൈയ്യന്‍ സ്ട്രോക്കുകള്‍ക്ക് പേരുകേട്ട 34-കാരന്‍, ഫെബ്രുവരി 15 ന് ജംഷഡ്പൂരില്‍ രഞ്ജി ട്രോഫി കാമ്പെയ്ന്‍ അവസാനിപ്പിക്കുമ്പോള്‍ ജാര്‍ഖണ്ഡിനായുള്ള അവസാന മത്സരത്തിന് ശേഷം ഗെയിമിനോട് വിടപറയും.

11-ാം വയസ്സില്‍ ക്രിക്കറ്റ് യാത്ര ആരംഭിച്ച തിവാരി ക്രിക്കറ്റ് ലോകത്ത് മായാത്ത മുദ്ര പതിപ്പിച്ചു. കൗമാരപ്രായത്തില്‍ 2006-07 രഞ്ജി ട്രോഫി സീസണില്‍ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ച അദ്ദേഹം, 2008ല്‍ വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.

സ്‌കൂള്‍ വിദ്യാഭ്യാസത്തിന് മുമ്പ് ഞാന്‍ ആരംഭിച്ച ഈ യാത്രയോട് വിടപറയുക എന്നത് അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ ഇതിനുള്ള ശരിയായ സമയമാണിതെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ ദേശീയ ടീമിലും ഐപിഎല്ലിലും ഇല്ലെങ്കില്‍, ഒരു യുവതാരത്തിനായി സംസ്ഥാന ടീമില്‍നിന്ന് സ്ഥാനം ഒഴിയുന്നതാണ് നല്ലത്. ഞങ്ങളുടെ ടെസ്റ്റ് ടീമില്‍ യുവാക്കള്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കുന്നു. അതിനാല്‍ ഞാന്‍ ഈ തീരുമാനം എടുക്കുന്നു- തിവാരി പറഞ്ഞു.

Image

2010ല്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയുള്ള ഐപിഎല്ലിലെ പ്രകടനത്തോടെയാണ് സൗരഭ് ഏവരുടെയും ശ്രദ്ധ നേടിയത്. ആ ഐപിഎല്‍ സീസണില്‍ താരം419 റണ്‍സ് നേടി. തുടര്‍ന്ന് 2010 ഒക്ടോബറില്‍ ഇന്ത്യക്ക് ആയി അരങ്ങേറ്റം നടത്തി. ഇന്ത്യക്ക് ആയി ആകെ 3 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട്.

17 വര്‍ഷം നീണ്ട കരിയറില്‍ 115 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ താരം കളിച്ചു. 189 ഇന്നിംഗ്സുകളില്‍ നിന്ന് 47.51 ശരാശരിയില്‍ 8030 റണ്‍സ് നേടിയ അദ്ദേഹം ജാര്‍ഖണ്ഡിന്റെ ടോപ് സ്‌കോററാണ്. 22 സെഞ്ച്വറിയും 34 അര്‍ധസെഞ്ചുറികളും അദ്ദേഹം നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ 1494 റണ്‍സ് നേടിയിട്ടുണ്ട്.