'ഹാര്‍ദിക് പന്ത് എറിഞ്ഞില്ലെങ്കിലും കുഴപ്പമില്ല', വിമര്‍ശനങ്ങളെ തള്ളി ഇന്ത്യന്‍ ഇതിഹാസം

ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പന്തെറിയാത്തത് ട്വന്റി20 ലോക കപ്പില്‍ ഇന്ത്യയുടെ സാധ്യതകളെ പിന്നോട്ടടിക്കില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ്. കുറവുകളെ മറികടക്കാനുള്ള ശക്തി ഇന്ത്യന്‍ ടീമിനുണ്ടെന്നും കപില്‍ വിലയിരുത്തി.

ഒരു ഓള്‍ റൗണ്ടര്‍ എല്ലായ്‌പ്പോഴും ടീമില്‍ വലിയ മാറ്റമുണ്ടാക്കും. പക്ഷേ, ഹാര്‍ദിക് ബോള്‍ ചെയ്യാതിരുന്നാലും ഇന്ത്യയുടെ സാധ്യതകളെ അതു ബാധിക്കില്ല. എന്നാല്‍ ടീമിന്റെ സംതുലിതാവസ്ഥയെയും വിരാട് കോഹ്ലിയുടെ തെരഞ്ഞെടുക്കലുകളെയും അതു സ്വാധീനിക്കും. പന്തെറിയാനും ബാറ്റ് ചെയ്യാനും ഓള്‍ റൗണ്ടര്‍ ഉണ്ടെങ്കില്‍ ക്യാപ്റ്റന് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ബോളര്‍മാരെ മാറ്റി പരീക്ഷിക്കാന്‍ സാധിക്കും- കപില്‍ ദേവ് പറഞ്ഞു.

പ്രതിഭാസമ്പത്ത് കണക്കിലെടുക്കുമ്പോള്‍ ഹാര്‍ദിക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ മറിക്കാന്‍ ഇന്ത്യക്കാവും. ഹാര്‍ദിക്കിന് രണ്ട് ഓവര്‍ എങ്കിലും എറിയാന്‍ സാധിച്ചാല്‍ അതു നന്നായിരിക്കും. കുറവുകളെ അതിജീവിക്കാനുള്ള കരുത്ത് ഇന്ത്യന്‍ ടീമിനുണ്ടെന്നാണ് കരുതുന്നതെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.