ഇംഗ്ലണ്ട് പര്യടനം: രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് കോവിഡ്

ഇംഗ്ലണ്ടിലുള്ള ഇന്ത്യന്‍ ടെസ്റ്റ് സംഘത്തിലെ രണ്ട് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആര്‍ക്കൊക്കെയാണ് രോഗം സ്ഥിരീകരിച്ചതെന്ന കാര്യം പുറത്തുവിട്ടിട്ടില്ല. ഇരുവരും ഐസൊലേഷനില്‍ പ്രവേശിച്ചു.

കോവിഡ് റിപ്പോര്‍ട്ട് ചെയ്ത താരങ്ങളില്‍ ഒരാള്‍ക്ക് പിന്നീട് നടത്തിയ ടെസ്റ്റില്‍ കോവിഡ് നെഗറ്റീവായതായും റിപ്പോര്‍ട്ടുകളുണ്ട്. കോവിഡ് പോസിറ്റീവായ കളിക്കാരന് ലക്ഷണങ്ങളില്ല. ആ താരം ലണ്ടനിലെ ബന്ധുവിന്റെ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ട്.

ആദ്യ സന്നാഹ മത്സരത്തിനായി ഡര്‍ഹത്തിലേക്ക് പോകുന്ന ഇന്ത്യന്‍ സംഘത്തിനൊപ്പം കോവിഡ് പോസിറ്റീവായയ താരം ഉണ്ടാകില്ല. 10 ദിവസത്തെ ഐസൊലേഷന്‍ അവസാനിക്കുന്ന ജൂലൈ 18ന് നടത്തുന്ന ടെസ്റ്റില്‍ നെഗറ്റീവായാല്‍ മാത്രമേ താരത്തിന് ടീമിനൊപ്പം ചേരാനാകൂ.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് പിന്നാലെ കളിക്കാര്‍ക്ക് മൂന്ന് ആഴ്ച ഇടവേള നല്‍കിയിരുന്നു. ഈ മൂന്ന് ആഴ്ച ബയോ ബബിളിന് പുറത്തായിരുന്നു കളിക്കാര്‍. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരക്കായി 23 അംഗ ഇന്ത്യന്‍ സംഘമാണ് ഇംഗ്ലണ്ടിലുള്ളത്.