ഇന്ത്യൻ ടീം താമസിച്ച ഹോട്ടലിന് സമീപം അജ്ഞാത വസ്തു, മണിക്കൂറുകളോളം കുടുങ്ങി താരങ്ങൾ, സംഭവം ഇങ്ങനെ

ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് മുൻപായി ഇന്ത്യൻ ടീമിന് സുരക്ഷാഭീക്ഷണി. ബിർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ന് മുതലാണ് രണ്ടാം ടെസ്റ്റ് നടക്കുക. ഇവിടെ ഇന്ത്യൻ‌ ടീം താമസിക്കുന്ന ഹോട്ടലിന് സമീപമാണ് അജ്ഞാത പൊതി കണ്ടെത്തിയത്. ഉപേക്ഷിച്ച നിലയിൽ പൊതി കണ്ടതോടെ ഇന്ത്യൻ ടീമിനോട് ഹോട്ടൽ മുറികളിൽ തന്നെ തങ്ങാൻ പ്രാദേശിക പൊലീസ് ആവശ്യപ്പട്ടു. ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണ്.

ചൊവ്വാഴ്ച നടന്ന പരിശീലന സെഷന് ശേഷം ഇന്ത്യൻ ടീം ഹോട്ടലിലേക്ക് മടങ്ങിയ സമയത്തായിരുന്നു സംഭവം. സെന്റിനറി സ്ക്വയർ എന്ന പ്രദേശത്താണ് സംശയാസ്പദമായ നിലയിൽ ഒരു പൊതി കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് അറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വെസ്റ്റ് മിഡ്ലാൻഡ്സ് പൊലീസ് ഇവിടേക്ക് എത്തുകയായിരുന്നു.

Read more

ഇവിടെ കൂടുതൽ പരിശോധന നടത്തേണ്ട സാഹചര്യമുളളതിനാൽ ഇന്ത്യൻ ടീം അം​ഗങ്ങളോട് തത്കാലം മുറിക്ക് പുറത്തിറങ്ങരുതെന്ന് പൊലീസ് നിർദേശിക്കുകയായിരുന്നു. മണിക്കൂറിലേറെ കഴിഞ്ഞാണ് വിവിധ പരിശോധനകൾക്ക് ശേഷം പൊതി പൊലീസ് നീക്കം ചെയ്തത്. ഇന്ത്യൻ താരങ്ങൾ അത്രയും സമയം ഹോട്ടലിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.