IND vs ENG: പിള്ളേര് കയറി മേഞ്ഞു.., ഇംഗ്ലണ്ടിനെതിരെ വിജയം തുടര്‍ന്ന് ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് വിജയം. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങി ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 249 വിജയലക്ഷ്യം 38.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്കായി ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറി നേടി.

ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. താരം 96 പന്തില്‍ 14 ഫോറുകളോടെ 87 റണ്‍സെടുത്തു. ശ്രേയസ് അയ്യര്‍ 36 ബോളില്‍ രണ്ട് സിക്‌സിന്റെയും 9 ഫോറിന്റെയും അകമ്പടിയില്‍ 59 ഉം അക്‌സര്‍ പട്ടേല്‍ 47 ബോളില്‍ ഒരു സിക്‌സിന്റെയും ആറ് ഫോറിന്റെയും അകമ്പടിയില്‍ 52 ഉം റണ്‍സെടുത്തു.

യശ്വസി ജയ്‌സ്വാള്‍ 15, രോഹിത് ശര്‍മ്മ 2, കെഎല്‍ രാഹുല്‍ 2 എന്നിവര്‍ നിരാശപ്പെടുത്തി. ജഡേജ 12*, ഹാര്‍ദ്ദിക് 9* എന്നിവര്‍ പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ആദില്‍ റാഷിദ്, സാഖിബ് മഹമ്മൂദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ആര്‍ച്ചര്‍, ജേക്കബ് ബഥേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് 47.4 ഓവറില്‍ 248 റണ്‍സിന് എല്ലാവരും പുറത്തായി. ഇംഗ്ലണ്ടിനായി ജോസ് ബട്ട്ലറും ജേക്കബ് ബഥേലും അര്‍ദ്ധ സെഞ്ച്വറി നേടി. 67 ബോളില്‍ നാല് ഫോറിന്റെ അകമ്പടിയില്‍ 52 റണ്‍സെടുത്ത ബട്ട്ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ബഥേല്‍ 64 ബോളില്‍ ഒരു സിക്സിന്റെയും മൂന്ന് ഫോറിന്റെയും അകമ്പടിയില്‍ 51 റണ്‍സും എടുത്തു.

ഓപ്പണിംഗില്‍ കത്തിക്കയറിയ ഫില്‍ സാള്‍ട്ടും, ബെന്‍ ഡക്കറ്റും ചേര്‍ന്ന് ഇംഗ്ലീഷ് സ്‌കോര്‍ ബോര്‍ഡില്‍ 8.5 ഓവറില്‍ 75 റണ്‍സ് ചേര്‍ത്തു. സാള്‍ട്ട് 26 ബോളില്‍ മൂന്ന് സിക്സിന്റെയും നാല് ഫോറിന്റെയും അകമ്പടിയില്‍ 43 റണ്‍സും ഡക്കറ്റ് 29 ബോളില്‍ 6 ഫോറിന്റെ അകമ്പടിയില്‍ 32 റണ്‍സും എടുത്തു.

ജോ റൂട്ട് 31 ബോളില്‍ 19, ഹാരി ബ്രൂക്ക് മൂന്ന് ബോളില്‍ പൂജ്യം, ലിയാം ലിവിംഗ്സ്റ്റണ്‍ 10 ബോളില്‍ 5, ബ്രൗഡണ്‍ 18 ബോളില്‍ 10, ആദില്‍ റഷീദ് 16 ബോളില്‍ 8, ജോഫ്ര ആര്‍ച്ചര്‍ 18 ബോളില്‍ 23* എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

ഇന്ത്യയ്ക്കായി ഹര്‍ഷിത് റാണ, രവീന്ദ്ര ജഡേജ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ഷമി, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. നേരത്തെ ടി20 പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കിയിരുന്നു.