വിജയത്തിലേക്കുള്ള വാതില്‍ തുറന്ന് ബൗളര്‍മാര്‍; ഇന്ത്യക്ക് വിജയലക്ഷ്യം 208 റണ്‍സ്

മൂന്നാം ദിനം മഴ കളിമുടക്കിയെങ്കിലും നാലാം ദിനം ആവേശഭരിതമായി. ഇന്ത്യന്‍ ബൗളര്‍മാര്‍ തീപാറും പന്തുകളിലൂടെ വിക്കറ്റ് പിഴുതപ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്‌സില്‍ 130 റണ്‍സിന് എല്ലാവരും കൂടാരം കയറി. ഇന്ത്യക്ക് ജയിക്കാനായി നീട്ടിയത് 208 റണ്‍സും. നാലാം ദിനം വെറും 65 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് അവസാന എട്ടു വിക്കറ്റുകള്‍ നഷ്ടമായത്. മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറും ഹാര്‍ദിക് പാണ്ഡ്യയും മികച്ച ബൗളിങ് പുറത്തെടുത്തതോടെ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു.

മൂന്നാം ദിനത്തെ മഴ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് ദുഷ്‌കരമാക്കി. രണ്ടു വിക്കറ്റിന് 65 എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു റണ്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. നാലു റണ്‍സെടുത്ത ഹാഷിം അംലയെ മുഹമ്മദ് ഷമി പുറത്താക്കുകയായിരുന്നു. പിന്നീട് തുടരെത്തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്ക 130 റണ്‍സില്‍ ഒതുങ്ങി. ആറു ബാറ്റ്സ്മാന്‍മാര്‍ രണ്ടക്കം കാണാതെ മടങ്ങി. 35 റണ്‍സെടുത്ത ഡിവില്ലിസേഴ്‌സാണ് ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി ബുംറ, ഷമി എന്നിവര്‍ വിക്കറ്റ് വീതവും ഭുവനേശ്വര്‍ കുമാര്‍, പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സ് എന്ന നിലയിലാണ്. 12 റണ്‍സോടെ കോഹ്ലിയും നാല് റണ്‍സോടെ രോഹിത്തുമാണ് ക്രീസില്‍. മുരളി വിജയ് (13), ധവാന്‍ (16), പൂജാര (4) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഏഴു വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യക്ക് ജയിക്കാന്‍ 158 റണ്‍സ് കൂടി വേണം.