എന്റെ ടീമില്‍ ഒരുപാട് ജെന്റില്‍മാന്‍മാരായിരുന്നു, അവന്‍ മാത്രമാണ് ഞാന്‍ പറഞ്ഞാല്‍ കേട്ടിരുന്നത്: ഗാംഗുലി

ഇന്ത്യ-ന്യൂസിലന്‍ഡ് സെമിഫൈനല്‍ മഴമൂലം നിര്‍ത്തി വെച്ചപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് കേള്‍ക്കാനായത് ഗാംഗുലിയുടെ ടീമിലെ രസകരമായ സംഭവവികാസങ്ങളുടെ കഥ. ഇന്ത്യന്‍ ടീമിന്റെ നായകനായ സമയത്ത് താരങ്ങളെ സ്ലെഡ്ജ് ചെയ്യിപ്പിക്കാന്‍ താന്‍ പെട്ട പാട് മത്സരത്തിന്റെ കമന്റേറ്റര്‍ കൂടിയായ ഗാംഗുലി വിശദീകരിക്കുകയായിരുന്നു.

ഓസ്‌ട്രേലിയയെ എങ്ങനെ നേരിടാനാണ് ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചപ്പോഴാണ് ഗാംഗുലി പഴയ കഥകള്‍ പൊടിതട്ടിയെടുത്തത്. ക്രിക്കറ്റ് ആരാധകര്‍ക്ക് അത് വല്ലാത്തൊരു അനുഭവമാണ് സമ്മാനിച്ചത്.

“ഒരുപാട് ജെന്റില്‍മാന്‍മാര്‍ നിറഞ്ഞതായിരുന്നു എന്റെ ടീം” ഗാംഗുലി ഒരു ചെറുചിരിയോടെ പറഞ്ഞു തുടങ്ങി. ആ സമയത്ത് ഇന്ത്യന്‍ ടീമിനെ വെച്ച് സ്ലെഡ്ജ് ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു. ദ്രാവിഡിനോട് ഓസീസ് താരങ്ങളെ സ്ലെഡ്ജ് ചെയ്യാന്‍ പറഞ്ഞാല്‍ അത് തന്റെ രീതിയല്ലെന്നാണ് ദ്രാവിഡ് മറുപടി പറയുക.

“ലക്ഷ്മണനോട് ഇക്കാര്യം ആവശ്യപ്പെട്ടാല്‍ എന്റെ ബാറ്റിംഗില്‍ മാത്രമാണ് എന്റെ ശ്രദ്ധ എന്നാകും മറുപടി. സച്ചിനോട് പറഞ്ഞാല്‍ മിഡ് ഓണില്‍ നിന്ന് മിഡ് വിക്കറ്റ് ഫീല്‍ഡറോട് സച്ചിന്‍ പറയും വോണി സ്ലെഡ്ജ് ചെയ്യാന്‍” ഗാംഗുലി പറയുന്നു.

ആ ടീമില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ഞാന്‍ പറയുന്നത് അക്ഷരംപ്രതി കേട്ടിരുന്നത് സര്‍ദാര്‍ജി മാത്രമായിരുന്നെന്നും ഹര്‍ഭജനെ സൂചിപ്പിച്ച് ഗാംഗുലി പറഞ്ഞു.

2000 മുതല്‍ 2005 കാലഘട്ടത്തിലാണ് ഗാംഗുലി ഇന്ത്യയുടെ നായകനായത്. ഇന്ത്യ ആദ്യമായി ഓസ്‌ട്രേലിയക്കെതിരെ പരമ്പര നേടിയത് ഗാംഗുലിയ്ക്ക് കീഴിലായിരുന്നു.