ഒറ്റുകാരല്ല, 'അവര്‍ മാന്യന്മാര്‍', ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് കോഹ്ലി

ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ഏകദിന ലോക കപ്പിലെ തോല്‍വിയ്ക്ക് പ്രതികാരത്തിനൊരുങ്ങുകയാണെന്ന് കരുതിയവരെ അമ്പരപ്പിച്ച് കിവീസ് ടീമിനെ പ്രശംസ കൊണ്ട് മൂടി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. മാന്യന്മാരായ ന്യൂസിലന്‍ഡ് താരങ്ങള്‍ക്കെതിരെ കളിക്കുമ്പോള്‍ പ്രതികാരം എന്ന ചിന്ത മനസില്‍ വരില്ലെന്ന് വിരാട് കോഹ്ലി തുറന്ന് പറയുന്നു.

ലോക കപ്പ് സെമിയില്‍ തങ്ങളെ തോല്‍പ്പിച്ച ടീമെങ്കിലും ഫൈനലില്‍ ന്യൂസിലന്‍ഡ് ജയിക്കണമെന്നായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ ആഗ്രഹിച്ചതെന്നും കോഹ്ലി വെളിപ്പെടുത്തി.

അതെസമയം ആദ്യ ടി20യില്‍ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലന്‍ഡ് ബാറ്റ് ചെയ്യുകയാണ്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിച്ചില്ല.

രോഹിത്ത് ശര്‍മ്മയും കെഎല്‍ രാഹുലുമാണ് ഓപ്പണര്‍മാര്‍. രാഹുല്‍ വിക്കറ്റ് കീപ്പറുടെ സ്ഥാനവും വഹിയ്ക്കും. വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡ്യ എന്നീ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍മാരായി ടീമുലുണ്ട്.

രവീന്ദ്ര ജഡേജയും ശിവം ദുബെയുമാണ് ടീമിലെ ഓള്‍ റൗണ്ടര്‍മാര്‍. കുല്‍ദീപിന് പകരം സ്പിന്നറായി യുസ്വേന്ദ്ര ചഹലും ടീമിലുണ്ട്. ശാര്‍ദുല്‍ താക്കുര്‍, മുഹമ്മദ് ഷമി, ജസ്പ്രിത് ഭുംറ എന്നീ പേസര്‍മാരും ടീമില്‍ ഇടംപിടിച്ചു.

അഞ്ച് ടി20 മത്സരങ്ങളാണ് പരമ്പരയിലുളളത്. കൂടാതെ മൂന്ന് വീതം ഏകദിന ടെസ്റ്റ് മത്സരങ്ങളും ഇന്ത്യ കളിയ്ക്കും.