ഇന്ത്യയുടെ ബാറ്റിംഗ് മുന്‍നിര എല്ലാം തികഞ്ഞവരല്ല; വീക്ക്‌നെസ്‌ ചൂണ്ടിക്കാട്ടി റമീസ് രാജ

ഇന്ത്യയുടെ ബാറ്റിംഗ് മുന്‍നിരയ്ക്കു ഒരു വീക്ക്‌നെസുണ്ടെന്നു ചൂണ്ടിക്കാട്ടി പാകിസ്ഥാന്‍ മുന്‍ താരം റമീസ് രാജ. ഇന്ത്യയുടെ ഫ്രണ്ട് ഫൂട്ടിലെ ബാറ്റിംഗ് ദുര്‍ബലമായാണ് കാണപ്പെടുന്നതെന്നും മുന്‍നിര ബാറ്റര്‍മാര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആവശ്യമാണെന്നും റമീസ് രാജ പറഞ്ഞു.

ഇന്ത്യയുടെ ബാറ്റര്‍മാര്‍, പ്രത്യേകിച്ചും മുന്‍നിര ബാറ്റര്‍മാര്‍ ഒരു കാര്യം ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. അവരുടെ ഫ്രണ്ട് ഫൂട്ടിലെ ബാറ്റിംഗ് ദുര്‍ബലമായാണ് കാണപ്പെടുന്നത്. ബാക്ക് ഫൂട്ടില്‍ കളിക്കുകയെന്നത് എളുപ്പമാണ്. പക്ഷെ ബോള്‍ ടോസ് ചെയ്ത് വരുമ്പോള്‍ ബാറ്റര്‍ക്കു പ്രതിരോധത്തെ ആശ്രയിക്കേണ്ടതായി വരും. അപ്പോഴാണ് ചില പിഴവുകളുണ്ടാകുന്നത് റമീസ് രാജ വിലയിരുത്തി.

ന്യൂസിലാന്‍ഡിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര നേട്ടത്തെ റമീസ് രാജ പ്രശംസിച്ചു. സ്വന്തം നാട്ടില്‍ വച്ച് ഇന്ത്യയെ തോല്‍പ്പിക്കുകയെന്നത് വളരെ കടുപ്പം തന്നെയാണെന്നും പാകിസ്ഥാനെപ്പോലെയുള്ള ഉപ ഭൂഖണ്ഡത്തിലെ മറ്റു ടീമുകള്‍ക്ക് ചില കാര്യങ്ങള്‍ ഇന്ത്യയില്‍ നിന്നും പഠിക്കാന്‍ സാധിക്കുമെന്നും റമീസ് രാജ ഉപദേശിച്ചു.

ഇന്ത്യന്‍ സ്പീഡ് സ്റ്റാറുകള്‍ക്കു അധികം വേഗതയില്ലായിരിക്കാം, പക്ഷെ അവര്‍ക്കു കഴിവുണ്ട്. ചില പ്രത്യേക ഏരിയകളില്‍ ബൗള്‍ ചെയ്യുന്ന ശീലം അവര്‍ വളര്‍ത്തിയെടുത്തിരിക്കുകയാണ്. സീം പൊസിഷന്‍ അനുസരിച്ചായിരിന്നു ഫീല്‍ഡിംഗ് ക്രമീകരിച്ചിരുന്നത്.

സ്ലിപ്പുകളില്‍ ഫീല്‍ഡര്‍മാരെ നിര്‍ത്തി അവര്‍ ന്യൂസിലാന്‍ഡ് ബാറ്റര്‍മാര്‍ക്കുമേല്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചു. അതു മനോഹരമായ കാഴ്ചയായിരുന്നു. ഒരു കംപ്ലീറ്റ് പെര്‍ഫോമന്‍സായിരുന്നു ഇത്. സ്പിന്നര്‍മാരും വരികയും നന്നായി ബൗള്‍ ചെയ്യുകയും ചെയ്തു.

Read more

 പാകിസ്ഥാന് മതിയായ കഴിവുണ്ട്. പക്ഷെ നാട്ടിലെ പ്രകടനം നോക്കിയാല്‍ അതു ഇന്ത്യയെപ്പോലെ സ്ഥിരതയുള്ളതല്ലെന്നു കാണാന്‍ സാധിക്കും. ഈ ലോകകപ്പ് വര്‍ഷം ന്യൂസിലാന്‍ഡിനെതിരായ പരമ്പര വിജയം ഇന്ത്യയെ സംബന്ധിച്ച് നാഴികക്കല്ല് തന്നെയാണ്- റമീസ് രാജ പറഞ്ഞു.