'ഇന്ത്യക്ക് ഒരു പുതിയ വിരേന്ദര്‍ സെവാഗിനെ കിട്ടി'; യുവതാരത്തെ പ്രശംസിച്ച് മൈക്കല്‍ വോണ്‍

യശസ്വി ജയ്‌സ്വാളിലൂടെ ഇന്ത്യക്ക് ഒരു പുതിയ വിരേന്ദര്‍ സെവാഗിനെ കിട്ടി എന്ന് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ വോണ്‍. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിലെ താരത്തിന്റെ ഇരട്ട സെഞ്ച്വറിയുടെ പശ്ചാത്തലത്തിലാണ് വോണിന്റെ നിരീക്ഷണം. മത്സരത്തില്‍ ആക്രമിച്ചു കളിച്ച താരം 214 റണ്‍സെടുത്തിരുന്നു.

ജയ്‌സ്വാളിനെ കാണുമ്പോള്‍ ഇന്ത്യക്ക് പുതിയ ഒരു വിരേന്ദര്‍ സെവാഗിനെ കിട്ടിയത് പോലെയാണ് എനിക്ക് തോന്നുന്നത്. യശസ്വി ലോകത്തെ വലിയ അറ്റാക്കുകളെ വരെ തകര്‍ക്കും. മുമ്പ് വിരേന്ദര്‍ സെവാഗ് ചെയ്തത് പോലെ എല്ലാ ഫോര്‍മാറ്റിലും ബോളര്‍മാര്‍ ജയ്‌സ്വാളിന്റെ ബാറ്റിന്റെ ചൂടറിയുമെന്നും മൈക്കിള്‍ വോണ്‍ എക്‌സില്‍ കുറിച്ചു.

നിലവില്‍ മികച്ച ഫോമിലാണ് താരം. പരമ്പരയിലെ മൂന്നാം മത്സരം അവസാനിക്കുമ്പോള്‍ രണ്ടു ഇരട്ട സെഞ്ച്വറി താരം സ്വന്തം പേരിലാക്കിക്കഴിഞ്ഞു. ഏഴ് ടെസ്റ്റില്‍ നിന്ന് മൂന്ന് സെഞ്ച്വറിയടക്കം നേടി ഇന്ത്യയുടെ വിശ്വസ്തനായി ജയ്സ്വാള്‍ മാറിക്കഴിഞ്ഞു. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ഭയമില്ലാത്ത ബാറ്റ്സ്മാനാണ് ജയ്സ്വാള്‍.

ഇംഗ്ലണ്ടിനെതിരേ ടെസ്റ്റില്‍ രണ്ട് ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യന്‍ ബാറ്റ്സ്മാനായി ജയ്സ്വാള്‍ മാറിയിരിക്കുകയാണ്. 22 വയസിനുള്ളില്‍ രണ്ട് ഇരട്ട സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായും ജയ്സ്വാള്‍ മാറി. മൂന്നാം ടെസ്റ്റില്‍ ജയ്‌സ്വാളിന്റെ ഇന്നിംഗ്‌സില്‍ 12 സിക്‌സുകള്‍ ഉണ്ടായിരുന്നു. ഒരു ടെസ്റ്റ് ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് അടിക്കുന്ന താരമായി ഇതോടെ ജയ്‌സ്വാള്‍ മാറിയിരുന്നു.