ഇന്ത്യ കൂപ്പുകുത്തുന്നു; അര്‍ദ്ധ ശതകം തികയ്ക്കാതെ രഹാനെ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് അപ്രതീക്ഷിത ബാറ്റിംഗ് തകര്‍ച്ച. മൂന്നിന് 272 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ക്ഷണത്തില്‍ വിക്കറ്റുകള്‍ നഷ്ടമായി. 7ന് 300 എന്ന നിലയിലാണ് ഇന്ത്യ. ഷാര്‍ദുല്‍ താക്കൂര്‍ (0 നോട്ടൗട്ട്), മുഹമ്മദ് ഷമി (4 നോട്ടൗട്ട്) എന്നിവര്‍ ക്രീസിലുണ്ട്.

സെഞ്ച്വറിയുമായി കുതിക്കുകയായിരുന്ന ഓപ്പണര്‍ കെ.എല്‍. രാഹുലിനെയാണ്, മഴ മാറിനിന്ന മൂന്നാം ദിനത്തില്‍ ഇന്ത്യക്ക് ആദ്യം നഷ്ടമായത്. വ്യക്തിഗത സ്‌കോറില്‍ ഒരു റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്ത രാഹുലിനെ (123) പേസര്‍ കാഗിസോ റബാഡ വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ ഡി കോക്കിന്റെ ഗ്ലൗസിലെത്തിച്ചു.

പിന്നാലെ അര്‍ദ്ധ ശതകത്തിലേക്ക് നീങ്ങുകയായിരുന്ന അജിന്‍ക്യ രഹാനെയും (48) ആര്‍. അശ്വിനും (4) ഋഷഭ് പന്തും (8) കൂടാരം പൂകി. അഞ്ച് വിക്കറ്റ് തികച്ച ലുന്‍ഗി എന്‍ഗിഡിയാണ് ഇന്ത്യയെ തകര്‍ത്തത്. റബാഡയ്ക്ക് രണ്ട് ഇരകളെ ലഭിച്ചിട്ടുണ്ട്.