സൂപ്പര്‍ താരങ്ങള്‍ തിരിച്ചെത്തി; ടോസ് വിജയം ഇന്ത്യയ്ക്ക്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്, ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇതാദ്യമായാണ് ഈ പരമ്പരയില്‍ ഇന്ത്യ ആദ്യമായി ബാറ്റ് ചെയ്യുന്നത്.

രണ്ട് മാറ്റങ്ങളോടെയാണ് ടീം ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്. ഇന്ത്യന്‍ ടീമില്‍ അജയ്ക്യ രഹാനയും ഭുവനേശ്വര്‍ കുമാറും തിരിച്ചെത്തി. രോഹിത്ത് ശര്‍മ്മയേ മാറ്റിയാണ് രഹാന ടീമില്‍ തിരിച്ചെത്തിയത്. സ്പിന്നര്‍മാരെ സമ്പൂര്‍ണമായി ഒഴിവാക്കിയ ഇന്ത്യ അശ്വിനു പകരം ഭുവനേശ്വര്‍ കുമാറിനെയും ടീമില്‍ ഉള്‍പ്പെടുത്തി. പാര്‍ത്ഥീവ് പട്ടേല്‍ തന്നെയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍.

മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റില്‍ തോല്‍വി ഒഴിവാക്കി നാണക്കേടില്‍ നിന്ന് രക്ഷപ്പെടാനാണ് ഇന്ത്യ ശ്രമിക്കുന്നത്. വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിലെ പിച്ചില്‍ ബാറ്റിങ് അതീവ ദുഷ്‌കരമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ലോകറാങ്കിങ്ങിലെ ഒന്നാമന്‍മാരായെത്തിയ ഇന്ത്യയ്‌ക്കെതിരെ സമ്പൂര്‍ണ ജയമെന്ന സുവര്‍ണനേട്ടത്തിനരികെയാണ് ദക്ഷിണാഫ്രിക്ക. കേപ്ടൗണിലും സെഞ്ചൂറിയനിലും കോഹ്ലിയെയും സംഘത്തെയും തകര്‍ത്തെറിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പേസ്‌നിര വാണ്ടറേഴ്‌സില് ഉഗ്രരൂപം കൈവരിക്കുമെന്ന് ഉറപ്പ്.

ടീം സെലക്ഷനില്‍ പഴി ഏറെ കേട്ട സാഹചര്യത്തിലാണ് മൂന്നാം ടെസ്റ്റില്‍ അജിങ്ക്യ രഹാനെയ്ക്ക് അവസരമൊരുങ്ങിയത്. ആദ്യടെസ്റ്റില്‍ തിളങ്ങിയ ഭുവനേശ്വറിനെ പുറത്തിരുത്തിയത് അബദ്ധമായെന്ന തിരിച്ചറിവ് താരത്തിന്റെ തിരിച്ചുവരവിനും വഴിതെളിച്ചു. ഇതോടെ ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷാമി, ജസ്പ്രീത് ഭുംറ. ഹാര്‍ദിക് പാണ്ഡ്യ സഖ്യമാകും ഇന്ത്യയ്ക്കായി ബോളിങ് ആക്രമണം നയിക്കുക. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ സ്പിന്നര്‍ കേശവ് മഹാരാജിനു പകരം ആന്‍ഡില്‍ ഫെലൂക്വായോ ടീമില്‍ ഇടം കണ്ടെത്തി.