2025ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ പുറത്താകലിൻ്റെ വക്കിലെത്തിയിട്ടും അഫ്ഗാനിസ്ഥാനെ പുകഴ്ത്തി മുൻ ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ. അടുത്ത ദശാബ്ദത്തിനുള്ളിൽ ഐസിസി ടൂർണമെൻ്റിൽ അഫ്ഗാനിസ്ഥാൻ ജയിക്കുമെന്നാണ് ദക്ഷിണാഫ്രിക്കൻ താരം പറഞ്ഞിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയോട് തോറ്റാണ് അഫ്ഗാനിസ്ഥാൻ ചാമ്പ്യൻസ് ട്രോഫി പോരാട്ടത്തിന് തുടക്കമിട്ടത്. എന്നിരുന്നാലും, ലാഹോറിൽ ഇംഗ്ലണ്ടിനെതിരെ അവർ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി. ഇന്നലെ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ സ്റ്റീവ് സ്മിത്ത് നയിക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ അവരുടെ അവസാന ഗ്രൂപ്പ് മത്സരം മഴ കാരണം ഉപേക്ഷിച്ചു.
മുൻകാലങ്ങളിലെ കളിക്കാർ കൗണ്ടി അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ച് തങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്തിയതെങ്ങനെയെന്ന് ഡെയ്ൽ സ്റ്റെയ്ൻ അനുസ്മരിച്ചു. അഫ്ഗാൻ കളിക്കാർ കൂടുതൽ ക്ഷമ കാണിക്കേണ്ടത് ഉണ്ടെന്ന് പറഞ്ഞ സ്റ്റെയിൻ, തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താൻ അവർ ഇതിൽ പ്രവർത്തിക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു.
“അന്നൊക്കെ, ധാരാളം കളിക്കാർ അവരുടെ കഴിവുകളും ക്ഷമയും മെച്ചപ്പെടുത്തുന്നതിനായി കൗണ്ടി ക്രിക്കറ്റോ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റോ കളിക്കാൻ പോകുമായിരുന്നു,” സ്റ്റെയ്‌നെ ഉദ്ധരിച്ച് ESPNcriinfo റിപ്പോർട്ട് ചെയ്തു.
“എന്നാൽ ഇന്നത്തെ വേഗതയേറിയ ലോകത്ത് ക്ഷമ കുറവാണ്. സോഷ്യൽ മീഡിയയിൽ പോലും ആളുകൾ രണ്ട് സെക്കൻഡ് വീഡിയോ കാണാൻ പാടുപെടുന്നു. അഫ്ഗാനിസ്ഥാൻ കളിക്കാർ ചിലപ്പോൾ ക്ഷമ കാണിക്കുന്നില്ല.”
അഫ്ഗാൻ ടീമിൻ്റെ ആക്രമണാത്മക കളി കാണാൻ ആവേശകരമാണെങ്കിലും അത് അവർക്കെതിരെ പ്രവർത്തിക്കുന്നുവെന്ന് ഡെയ്ൽ സ്റ്റെയിൻ പറഞ്ഞു. അഫ്ഗാനിസ്ഥാൻ്റെ ക്രിക്കറ് മെച്ചപ്പെടുത്താൻ വേണ്ട കാര്യമായി അദ്ദേഹം ഇങ്ങനെ പറഞ്ഞു:
“കാര്യങ്ങൾ വളരെ വേഗത്തിൽ സംഭവിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. അവർക്ക് ക്ഷമ ഇല്ല. അവർക്ക് എല്ലാ പന്തും ആക്രമിക്കണം എന്നിൽ മൂഡ് ആണ്. അപ്പോൾ പെട്ടെന്ന് വിക്കറ്റും പോകുന്നു. അവരിൽ പലരും ലോകമെമ്പാടുമുള്ള ടി20 ക്രിക്കറ്റ് കളിക്കുന്നത് ഞാൻ കാണുന്നു . അപ്പോൾ കഴിവുള്ള ഒരുപാട് താരങ്ങൾ അവർക്കുണ്ടെന്നാണ് അർത്ഥം. പക്ഷെ ടെസ്റ്റ് ഒകെ കളിച്ചാൽ അവർ സെറ്റ് ആകും.”
“എന്നാൽ അഫ്ഗാനിസ്ഥാൻ കളിക്കാർ പഠിക്കേണ്ട ഏറ്റവും വലിയ കാര്യങ്ങളിലൊന്നാണ് ക്ഷമ, അവർ അത് ചെയ്താൽ, സത്യസന്ധമായി, അടുത്ത ദശകത്തിൽ, അവർക്ക് ഐസിസി ടൂർണമെൻ്റുകളിൽ വിജയിക്കാനാകും.” അദ്ദേഹം തുടർന്നു.







