വിമര്‍ശകരുടെ വായടപ്പിച്ച് പൂജാര- രഹാനെ സഖ്യം, ഇന്ത്യ കളി തിരിച്ചു പിടിക്കുന്നു

മോശം ഫോമിനെ തുടര്‍ന്ന് ഏറെ വിമര്‍ശനം ഏറ്റുവാങ്ങുന്ന ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെയും ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയെ കര കയറ്റുന്നു. ഇരുവരും അര്‍ദ്ധ സെഞ്ച്വറിയോടെ ബാറ്റിംഗ് തുടരുന്ന മത്സരത്തില്‍ ഇന്ത്യ ലീഡ് ഉയര്‍ത്തുകയാണ്.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെന്ന നിലയിലാണ് 51* റണ്‍സുമായി പൂജാരയും 52* റണ്‍സുമായി രഹാനെയുമാണ് ക്രീസില്‍. മത്സരത്തില്‍ ഇന്ത്യയ്ക്കിപ്പോള്‍ 121 റണ്‍സിന്റെ ലീഡുണ്ട്.

നായകന്‍ കെഎല്‍ രാഹുലിന്റെയം (8) ഓപ്പണിംഗ് പങ്കാളി മായങ്ക് അഗര്‍വാളിന്റെയും (23) വിക്കറ്റുകളാണ് ഇന്ത്യക്കു രണ്ടാംദിനം നഷ്ടമായത്. ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് സ്‌കോറായ 202 റണ്‍സിനു മറുപടിയില്‍ ദക്ഷിണാഫ്രിക്ക രണ്ടാംദിനം മൂന്നാം സെഷനില്‍ 229 റണ്‍സിനു പുറത്തായിരുന്നു.

ഒരു ഘട്ടത്തില്‍ മികച്ച ലീഡ് നേടുമെന്നു കരുതിയ ആതിഥേയരെ പിടിച്ചു കെട്ടിയത് ശര്‍ദുല്‍ താക്കൂറിന്‍റെ മിന്നും പ്രകടനമാണ്. കരിയര്‍ ബെസ്റ്റ് പ്രകടനം പുറത്തെടുത്ത താക്കൂര്‍ ഏഴു വിക്കറ്റുകള്‍ വീഴ്ത്തി. 17.5 ഓവറില്‍ മൂന്നു മെയ്ഡനുള്‍പ്പെടെ 61 റണ്‍സ് വിട്ടുകൊടുത്താണ് താരം ഏഴു പേരെ പുറത്താക്കിയത്.