ഇന്ത്യന്‍ ടീമിനെ തോല്‍പ്പിക്കാന്‍ പ്രയാസമാണ്, പക്ഷേ ഞങ്ങള്‍..; തുറന്നു പറഞ്ഞ് ഡീന്‍ എല്‍ഗര്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്സ് തോല്‍വിയാണ് വഴങ്ങിയത്. 163 റണ്‍സ് ഒന്നാം ഇന്നിംഗ്സ് കടവുമായി രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 131 റണ്‍സെടുത്ത് എല്ലാവരും കൂടാരം കയറി. ഈ പരമ്പരയോടെ വിരമിക്കല്‍ പ്രഖ്യാപിച്ച ഡീന്‍ എല്‍ഗറായിരുന്നു കളിയിലെ താരം.

ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയ എല്‍ഗര്‍ 287 പന്തുകളില്‍ 185 റണ്‍സെടുത്താണു പുറത്തായത്. എന്നാല്‍ ഈ ജയത്തില്‍ തങ്ങള്‍ മതിമറക്കുന്നില്ലെന്നും തങ്ങളുടെ ദിവസം ഇന്ത്യ എത്രത്തോളം അപകടകാരികളാകുമെന്നും വ്യക്തമായ ബോധ്യം തങ്ങള്‍ക്കുണ്ടെന്നും എല്‍ഗര്‍ പറഞ്ഞു.

ഇന്ത്യന്‍ ടീം എത്രത്തോളം ശക്തമാണെന്നും തങ്ങളുടെ ദിവസം അവര്‍ എത്രത്തോളം അപകടകാരികളാകുമെന്നും വ്യക്തമായ ബോധ്യം ഞങ്ങള്‍ക്കുണ്ട്. അവര്‍ തിരിച്ചുവരും. രണ്ടാം ടെസ്റ്റില്‍ ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം തന്നെ ഇന്ത്യക്കെതിരെ പുറത്തെടുക്കും. ഇന്ത്യന്‍ ടീമിനെ തോല്‍പ്പിക്കാന്‍ പ്രയാസമാണ്, പക്ഷേ ഞങ്ങള്‍ വളരെ ക്ലിനിക്കല്‍ ആയിരുന്നു- ഡീന്‍ എല്‍ഗര്‍ പറഞ്ഞു.

സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ തോല്‍വിക്ക് ശേഷം നായകന് എല്ലായ്പ്പോഴും സന്തോഷകരമായ ദിവസങ്ങളുണ്ടാകില്ലെന്ന് ധീരമായ പ്രസ്താവനയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ രംഗത്തുവന്നു. ടെസ്റ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മ്മയ്ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. സീനിയര്‍ ഓപ്പണിംഗ് ബാറ്റര്‍ ഒരു ബാറ്റര്‍ എന്ന നിലയിലും കളിയിലെ നായകനെന്ന നിലയിലും പരാജയപ്പെട്ടു. ഇത് വലിയ തോല്‍വിക്ക് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നായി.