കേപ്ടൗണില്‍ ഇന്ത്യക്ക് എതിരെ വിജയിക്കാന്‍ 100 റണ്‍സ് മതി: ഡീന്‍ എല്‍ഗര്‍

കേപ്ടൗണിലെ ന്യൂലാന്‍ഡ്സില്‍ ഇന്ത്യയ്ക്കെതിരായ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിലെ ആദ്യ ദിവസത്തെ നാടകീയ സംഭവങ്ങള്‍ വിശദീകരിക്കാന്‍ വാക്കുകള്‍ കിട്ടാതെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡീന്‍ എല്‍ഗര്‍. ടെസ്റ്റ് മത്സരത്തിന്റെ ആദ്യ സെഷനില്‍ തന്നെ 55 റണ്‍സിന് പുറത്തായ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്‌സില്‍ ഏഴ് വിക്കറ്റ് ശേഷിക്കെ 36 റണ്‍സിന് പിന്നിലാണ്. എന്നിരുന്നാലും, നാലാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് 100 അല്ലെങ്കില്‍ അതിലധികമോ വിജയലക്ഷ്യം നല്‍കാനായാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയസാധ്യത ഉണ്ടെന്ന് എല്‍ഗര്‍ കരുതുന്നു.

ഞാന്‍ 100 റണ്‍സ് വിജയ ലക്ഷ്യമായി എടുക്കും. ഞങ്ങളുടെ ബോളര്‍മാര്‍ തിളങ്ങിയാല്‍ അവര്‍ക്ക് ഏത് ബാറ്റിംഗ് ലൈനപ്പിനെയും കീറിമുറിക്കാന്‍ കഴിയും. ഈ വിക്കറ്റില്‍ അത് സാധ്യമാണ്- എല്‍ഗര്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ വിടവാങ്ങല്‍ ടെസ്റ്റ് മത്സരത്തില്‍ എല്‍ഗറിന് തിളങ്ങാനായില്ല. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തതിന് ശേഷം എല്‍ഗറിന് 4, 12 എന്നീ സ്‌കോറുകളാണ് രേഖപ്പെടുത്താനായത്.

നേരത്തേ ദക്ഷിണാഫ്രിക്കയെ 55 റണ്‍സില്‍ ഒതുക്കി മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ 153 റണ്‍സില്‍ ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാര്‍ വരിഞ്ഞുകെട്ടി. രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ദക്ഷിണാഫ്രിക്ക സ്റ്റമ്പെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെടുത്തു. ഇന്ത്യക്ക് 36 റണ്‍സ് ലീഡ്. 36 റണ്‍സുമായി എയ്ഡന്‍ മാര്‍ക്രമും ഏഴ് റണ്‍സുമായി ബെഡിങ്ഹാമുമാണ് ക്രീസില്‍.