IND VS PAK: ഈ ഇന്ത്യയെ ഞങ്ങൾ തീർത്തിരിക്കും, ഞായറാഴ്ച പാകിസ്ഥാന്റെ ദിനമായിരിക്കും; ആത്മവിശ്വാസത്തിൽ പാക് ഇതിഹാസങ്ങൾ പറഞ്ഞത് ഇങ്ങനെ

ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് തോറ്റെങ്കിലും 2025 ലെ ചാമ്പ്യൻസ് ട്രോഫിയിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ പാകിസ്ഥാന് ഇന്ത്യയെ പരാജയപ്പെടുത്താൻ കഴിയുമെന്ന് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളായ ഷൊയ്ബ് മാലിക്കും ഷോയിബ് അക്തറും പറഞ്ഞു. കറാച്ചിയിൽ ന്യൂസിലൻഡിനെതിരെ പാകിസ്ഥാൻ 60 റൺസിൻ്റെ തോൽവി ഏറ്റുവാങ്ങുക ആയിരുന്നു. മത്സരത്തിൽ തങ്ങൾക്ക് ഒരു പൊരുതാൻ പോലും ആയില്ല എന്നുള്ളത് പാകിസ്ഥാനെ ആശങ്കപ്പെടുത്തുന്നു. ഞായറാഴ്ച ഇന്ത്യയ്‌ക്കെതിരായ നിർണായക പോരാട്ടം നടക്കുമ്പോൾ അതിൽ ജയിച്ചില്ലെങ്കിൽ പാക്കിസ്ഥാൻ അടുത്ത റൗണ്ടിൽ എത്താതെ പുറത്താകും.

ഷൊയ്ബ് അക്തറിൻ്റെ യൂട്യൂബ് ചാനലിൽ സംസാരിച്ച ഷൊയ്ബ് മാലിക് അടുത്ത കളിയിൽ പാക്കിസ്ഥാൻ ജയിക്കുമെന്ന് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു, വരാനിരിക്കുന്ന മത്സരത്തിൽ ഇന്ത്യയെ തോൽപ്പിക്കാൻ പാകിസ്ഥാന് ഇപ്പോഴും ശക്തമായ അവസരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “ഞങ്ങളുടെ അടുത്ത മത്സരത്തിൽ ഇന്ത്യയെ തോൽപ്പിക്കാൻ ഞങ്ങൾക്ക് നല്ല അവസരമുണ്ടെന്ന് ഞാൻ ഇപ്പോഴും പ്രതീക്ഷിക്കുന്നു. അത് ജയിച്ചുകഴിഞ്ഞാൽ പിന്നെ ബംഗ്ലാദേശ് മത്സരത്തിലേക്ക് ശ്രദ്ധിക്കാം. ഇപ്പോൾ ആത്മവീര്യവും ആത്മവിശ്വാസവും കുറവാണെന്ന് എനിക്കറിയാം, പക്ഷേ ടീമിൻ്റെ സ്പിരിറ്റ്, ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു, ”അദ്ദേഹം പറഞ്ഞു.

“ഈ ടീമിനുള്ളിൽ ഇന്ത്യയെ തോൽപ്പിക്കാനുള്ള കഴിവുള്ള താരങ്ങൾ ഉണ്ടെന്ന് ഞാൻ അത് ശരിക്കും വിശ്വസിക്കുന്നു. ശരിക്കും ഒരു ഡു ഓർ ഡൈ അവസ്ഥയിലാണ് പാക്കിസ്ഥാൻ. ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് ഹീറോ എന്ന നിലയിൽ തൽക്ഷണം അംഗീകാരം ലഭിക്കും. വലിയൊരു അവസരമുണ്ട്, സമ്മർദമുണ്ടെങ്കിലും, പാക്കിസ്ഥാൻ ജയിക്കും ”മാലിക് കൂട്ടിച്ചേർത്തു.

അതേസമയം നിലവിലെ ഫോമിൽ ഇന്ത്യക്ക് തന്നെയാണ് ജയസാധ്യത എന്നാണ് ക്രിക്കറ്റ് വിദഗ്ധർ അടക്കം പറയുന്നത്. തങ്ങളുടെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ അനായാസം ഇന്ത്യ ജയിച്ചു കയറിയിരുന്നു . സെഞ്ച്വറിയുമായി ശുഭ്മാൻ ഗിൽ മുന്നിൽനിന്നു നയിച്ച മത്സരത്തിൽ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചു കയറിയത്. ബംഗ്ലാദേശ് മുന്നോട്ടു വെച്ച 229 റൺസ് വിജയലക്ഷ്യം 46.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.

129 ബോൾ നേരിട്ട ഗിൽ രണ്ട് സിക്സിൻറെയും 9 ഫോറിൻറെയും അകമ്പടിയിൽ 101 റൺസെടുത്ത് പുറത്താകാതെ നിന്നു. ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. രോഹിത് ശർമ്മ, 36 ബോളിൽ 41, വിരാട് കോഹ്‌ലി 38 ബോളിൽ 22, ശ്രേയസ് അയ്യർ 17 ബോളിൽ 15, അക്‌സർ പട്ടേൽ 12 ബോളിൽ 8 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. കെഎൽ രാഹുൽ 47 ബോളിൽ 41 റൺസെടുത്ത് പുറത്താകാതെ നിന്നു.