സതാംപ്ടണിലേക്ക് ഉറ്റുനോക്കി ക്രിക്കറ്റ് ലോകം; ടോസ് നേടുന്നവര്‍ പാതി ജയിക്കും

ചരിത്രത്തിലെ ആദ്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം. ഇംഗ്ലംണ്ടിലെ സതാംപ്ടണില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്ന് മുതലാണ് മത്സരം. മഴ പോരാട്ടത്തിന്റെ ശോഭ കെടുത്താന്‍ സാദ്ധ്യതയുണ്ട്. സതാംപ്ടണില്‍ കളി നടക്കുന്ന അഞ്ച് ദിവസവും മഴ മുന്നറിയിപ്പുണ്ട്.

രണ്ട് സ്പിന്നര്‍മാരേയും മൂന്ന് പേസര്‍മാരേയും ഉള്‍ക്കൊള്ളിച്ചാണ് ഇന്ത്യ ഇറങ്ങുന്നത്. ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നീ പേസര്‍മാര്‍ക്കൊപ്പം സ്പിന്നര്‍ രവിചന്ദ്ര അശ്വിനും ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജയെയും ഇറങ്ങും.

ടോസ് മത്സരത്തില്‍ ഏറെ നിര്‍ണായകമാകും. ടോസ് നേടുന്നവര്‍ ബോളിംഗ് തിരഞ്ഞെടുക്കാനാണ് സാദ്ധ്യത കൂടുതല്‍. ന്യൂസിലന്‍ഡിനെതിരെ അഞ്ച് ടെസ്റ്റുകളിലാണ് കോഹ്‌ലി ഇതുവരെ ഇന്ത്യയെ നയിച്ചത്. കോഹ്‌ലി ടോസ് നേടിയ 3 ടെസ്റ്റുകളില്‍ ഇന്ത്യ ജയിച്ചു. ടോസ് നഷ്ടപ്പെട്ട 2 ടെസ്റ്റുകളിലും തോറ്റു.

വില്യംസണിനും കൂട്ടര്‍ക്കും ഇംഗ്ലണ്ടിനെതിരായ പരമ്പര ജയം ആത്മവിശ്വാസം നല്‍കുന്നതാണ്. മൂടിക്കെട്ടിയ കാലാവസ്ഥയാണെങ്കില്‍ കിവീസ് പേസര്‍മാര്‍ ഇന്ത്യക്ക് മുകളില്‍ വലിയ ഭീഷണി തീര്‍ത്തേക്കും. മഴ സാദ്ധ്യത നിലനില്‍ക്കുന്നതിനാല്‍ ടോസ് നഷ്ടപ്പെടുന്നതും ആദ്യം ബാറ്റു ചെയ്യേണ്ടി വരുന്നതും ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.