ഇംഗ്ലണ്ടിനെതിരെ ലോർഡ്സിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 22 റൺസിനു തോറ്റിരുന്നു. ഇംഗ്ലണ്ട് മുന്നോട്ട് വെച്ച 193 റൺസിലേക്ക് അവസാന ദിനം 58ന് നാല് എന്ന നിലയിൽ ബാറ്റിംഗ് പുനഃരാരംഭിച്ച ഇന്ത്യൻ നിര 170 റൺസിന് ഓൾഔട്ടായി. ഇംഗ്ലീഷ് പേസർമാരുടെ മിന്നും ബോളിംഗാണ് ഇന്ത്യയെ തച്ചുടച്ചത്. ജയത്തോടെ പരമ്പരയിൽ ആതിഥേയർ 2-1 ന് മുന്നിലെത്തി.
കെഎൽ രാഹുലിന്റെ ബാറ്റിംഗ് മികവും രവീന്ദ്ര ജഡേജയുടെ ചെറുത്തുനിൽപ്പും ബോളർമാരുടെ പ്രകടനവുമാണ് മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ആശ്വസിക്കാനുള്ളത്. ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയ രാഹുൽ രണ്ടാം ഇന്നിംഗ്സിൽ 39 റൺസെടുത്ത് പുറത്തായി. അർദ്ധ സെഞ്ച്വറി നേടിയ ജഡേജയാണ് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയുടെ ടോപ് സ്കോറർ. താരം 181 പന്ത് നേരിട്ട് 61* റൺസെടുത്ത് പുറത്താകാതെ നിന്നു. അടുത്ത മത്സരത്തിൽ ഇന്ത്യ കുറച്ച് മാറ്റങ്ങൾ വരുത്തണമെന്ന് നിർദേശിച്ചിരിക്കുകയാണ് ഇന്ത്യൻ താരം അജിൻക്യ രഹാനെ.
അജിൻക്യ രഹാനെ പറയുന്നത് ഇങ്ങനെ:
“ടെസ്റ്റ് ക്രിക്കറ്റിൽ വിജയിക്കണമെങ്കില്‍ 20 വിക്കറ്റുകൾ വീഴ്ത്തേണ്ടതുണ്ട്. അതിനായി ഒരു സ്പെഷ്യലിസ്റ്റ് ബൗളറെകൂടി ഇന്ത്യ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണം. ജസ്പ്രീത് ബുംമ്ര, ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവര്‍ക്കൊപ്പം പന്തെറിയാന്‍ കഴിയുന്ന ഒരു ബൗളര്‍ കൂടി ഇന്ത്യൻ ടീമിൽ ഉണ്ടാകണം. കാരണം, ഇംഗ്ലണ്ടിലെ പിച്ചുകളില്‍ നാല്, അഞ്ച് ദിവസങ്ങളിൽ ബാറ്റിങ് എളുപ്പമായിരിക്കില്ല”
അജിൻക്യ രഹാനെ തുടർന്നു:
Read more
“ഇംഗ്ലണ്ട് പരമ്പരയിൽ നിലവിൽ പരാജയപ്പെട്ട രണ്ട് ടെസ്റ്റുകളിലും ഇന്ത്യയ്ക്ക് വിജയിക്കാൻ കഴിയുമായിരുന്നുവെന്നും രഹാനെ ചൂണ്ടിക്കാട്ടി. ലോഡ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ബൗളിങ് മികച്ചതായിരുന്നു. ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 70-80 റണ്‍സിൻ്റെയെങ്കിലും ലീഡ് നേടിയിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു. വലിയ സ്കോര്‍ നേടാന്‍ ഇന്ത്യക്ക് മുന്നില്‍ അവസരവുമുണ്ടായിരുന്നു. എന്നാല്‍ ആദ്യ ഇന്നിങ്സിൽ റിഷഭ് പന്തിന്‍റെ റൺഔട്ട് മത്സരത്തിന്റെ ഗതിമാറ്റി മറിച്ചു. ലഞ്ചിന് തൊട്ടു മുമ്പ് സ്റ്റോക്സിന്‍റെ നേരിട്ടുള്ള ത്രോയിൽ പന്ത് റൺഔട്ടാകുകയും ചെയ്തു,” അജിൻക്യ രഹാനെ പറഞ്ഞു.