IND vs ENG: ആദ്യ ദിനം അമ്പയറുമായി ചൂടേറിയ സംഭാഷണത്തിലേര്‍പ്പെട്ട് അശ്വിന്‍

വിശാഖപട്ടണത്ത് നടന്ന ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ഓണ്‍-ഫീല്‍ഡ് അമ്പയര്‍ മറായിസ് ഇറാസ്മസുമായി ചൂടേറിയ സംഭഷണത്തില്‍ ഏര്‍പ്പെടുന്നത് കാണാനായി. മത്സരം അവസാന ഓവറുകളിലേക്ക് അടുക്കുന്നതിന് തൊട്ടുമുമ്പാണ് അശ്വിന്‍ ബാറ്റ് ചെയ്യാന്‍ എത്തിയത്.

വിക്കറ്റ് കീപ്പര്‍ കെഎസ് ഭരതിന്റെ രൂപത്തില്‍ 91-ാം ഓവറില്‍ ഇന്ത്യക്ക് ആറാം വിക്കറ്റ് നഷ്ടമായി. ഇതിന് പിന്നാലെയാണ് അശ്വിന്‍ ക്രീസിലെത്തിയത്. ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഇരു ടീമിലെയും കളിക്കാര്‍ ഹസ്താനം നടത്തിയപ്പോഴാണ് അശ്വിന്‍ അമ്പയര്‍ മറായിസ് ഇറാസ്മസുമായി കയര്‍ത്തത്. അശ്വിന്റെ അനിഷ്ടത്തിന് പിന്നിലെ കാരണം അറിയില്ലെങ്കിലും അത് നീണ്ട അവസാന സെഷനുമായി ബന്ധപ്പെട്ടായിരിക്കാം.

ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ യശസ്വി ജയ്സ്വാള്‍ നേടിയ സെഞ്ചുറിയുടെ (179*) ബലത്തില്‍ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെടുത്തിട്ടുണ്ട്. രോഹിത് ശര്‍മ (41 പന്തില്‍ 14), ശുഭ്മാന്‍ ഗില്‍ (46 പന്തില്‍ 34), ശ്രേയസ് അയ്യര്‍ (59 പന്തില്‍ 27), രജത് പട്ടീദാര്‍ (72 പന്തില്‍ 32), അക്ഷര്‍ പട്ടേല്‍ (51 പന്തില്‍ 27), കെ.എസ്. ഭരത് (23 പന്തില്‍ 17) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്.

മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ രണ്ടാം മത്സരം കളിക്കുന്നത്. പരുക്കേറ്റ കെ.എല്‍. രാഹുലിനും രവീന്ദ്ര ജഡേജയ്ക്കും പകരം രജത് പട്ടീദാറും കുല്‍ദീപ് യാദവുമാണു ടീമിലുള്ളത്. മുഹമ്മദ് സിറാജും കളിക്കുന്നില്ല. പകരക്കാരനായി മുകേഷ് കുമാറിനെ ടീമിലെടുത്തു. മൂന്നാം മത്സരത്തില്‍ സിറാജ് ടീമിനൊപ്പം ചേരും. അതേസമയം സര്‍ഫറാസ് ഖാനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.