ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ തോൽവിയിലെ ഒരു പ്രധാന കാരണം നിർണായക ക്യാച്ചുകൾ കൈവിട്ടതായിരുന്നു. അതിൽ യുവതാരം യശ്വസി ജയ്സ്വാളായിരുന്നു മുന്നിട്ടുനിന്നത്. നിർണായകമായ നാല് ക്യാച്ചുകളാണ് താരം ആ മത്സരത്തിൽ കൈവിട്ടത്. ഇപ്പോൾ സമാനമായ പിഴവുകൾ ജയ്സ്വാളിൽനിന്ന് ഇനിയും പ്രതീക്ഷിക്കാമെന്ന് ശ്രീലങ്കൻ ഇതിഹാസം കുമാർ സങ്കക്കാര അഭിപ്രായപ്പെട്ടു. അതിനുള്ള കാരണവും സങ്കക്കാര പറയുന്നു. ഐപിഎല്ലിൽ ജയ്സ്വാൾ ഉൾപ്പെട്ട രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ കോച്ചും ഇപ്പോള്‍ ടീം ഡയറക്ടറും കൂടിയാണ് സങ്കക്കാര.
സെഞ്ച്വറിക്കു വളരെ അടുത്തെത്തിയാണ് യശസ്വി ജയ്‌സ്വാള്‍ (87) ഈ ടെസ്റ്റില്‍ പുറത്തായത്. ഈ മല്‍സരത്തില്‍ അവന്‍ ഔട്ടായ രീതിയും ഇപ്പോഴത്തെ മാനസികവാസ്ഥയും നോക്കുമ്പോള്‍ ഫീല്‍ഡിംഗില്‍ ഒന്നും തന്നെ ടീം പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് എനിക്കു തോന്നുന്നത്. ദൈവമേ, വീണ്ടുമൊരു സെഞ്ച്വറി എനിക്കു കൈയെത്തുംദൂരത്ത് നഷ്ടമായല്ലോ എന്നാവും ജയ്‌സ്വാള്‍ ഇപ്പോഴും ആലോചിച്ചു കൊണ്ടിരിക്കുന്നത്.
എത്ര ബോളുകള്‍ ഇനി ബാറ്റ് ചെയ്യുമ്പോള്‍ ഞാനടിക്കും? എപ്പോഴായിരിക്കും ഇനി എന്റെ അടുത്ത ബാറ്റിംഗ്? ഇതു വളരെ ഫ്‌ളാറ്റായിട്ടുള്ള പിച്ചാണ്. എനിക്കു വീണ്ടുമൊരു ബാറ്റിംഗ് ടേണ്‍ ലഭിക്കുമോ? എന്നിങ്ങനെ പല കാര്യങ്ങളും ഇപ്പോള്‍ ജയ്‌സ്വാളിന്റെ മനസ്സിലൂടെ കടന്നു പോയ്‌ക്കൊണ്ടിരിക്കുകയാവും- സങ്കക്കാര പറഞ്ഞു.
Read more
അതേസമയം ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ കന്നി ഇരട്ട സെഞ്ച്വറിക്കരുത്തില്‍ ബെര്‍മിങ്ങാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 587 റണ്‍സ് നേടി. 269 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. മറുപടി ബാറ്റിംഗില്‍ 77 റണ്‍സെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിട്ടുണ്ട്.