പരിഹാസ്യനായവന്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഹീറോയായി; കലക്കിയെന്ന് ആരാധകര്‍

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ടെസ്റ്റിന്റെ ആദ്യ സെഷനിലെ റിഷഭ് പന്തിന്റെ റിവ്യൂ സിസ്റ്റത്തെ പ്രശംസകള്‍ കൊണ്ട് മൂടി ക്രിക്കറ്റ് ആരാധകര്‍. മോശം റിവ്യൂവിന്റെ പേരില്‍ അപഹാസ്യനായതിന് ശേഷം മിനിറ്റുകളുടെ വ്യത്യാസത്തിലാണ് പന്ത് മൈതാനത്ത് ഹീറോയായത്.

മത്സരത്തിലെ 21ാമത്തെ ഓവറിലായിരുന്നു സംഭവം. ബോളര്‍ മുഹമ്മദ് സിറാജ്, ക്രീസില്‍ സാക്ക് ക്രോളി. ഈ ഓവറിലെ രണ്ടാമത്തെ ബോളില്‍ ഇന്ത്യ റിവ്യു വിളിച്ചു. ക്രോളിയെ കടന്ന പന്ത് സ്ലിപ്പില്‍ കോഹ്‌ലി ക്യാച്ച് ചെയ്യുമ്പോള്‍ പന്ത് എഡ്ജ് ചെയ്തിരുന്നുവെന്ന സംശയത്തെ തുടര്‍ന്നായിരുന്നു ഇത്. റിഷഭ് വലിയ ആത്മവിശ്വാസത്തിലായതിനാല്‍ കോഹ്‌ലി റിവ്യു വിളിച്ചു. എന്നാല്‍ ബോള്‍ എഡ്ജ് ചെയ്തില്ലെന്നു റീപ്ലേയില്‍ നിന്നും വ്യക്തമായി.

Image

ഇതേ ഓവറിലെ അവസാന ബോളില്‍ ഇന്ത്യ ഒരിക്കല്‍ക്കൂടി റിവ്യു വിളിച്ചു. ഇത്തവണ ക്യാച്ചെടുത്തത് റിഷഭായിരുന്നു. ബോള്‍ എഡ്ജ് ചെയ്തുവെന്ന് ഉറപ്പായിരുന്ന പന്ത് കോഹ്‌ലിയെ റിവ്യു എടുക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. മനസില്ലാമനസോടെ കോഹ്‌ലി റിവ്യൂ എടുത്തു. റീപ്ലേയില്‍ റിഷഭാണ് ശരിയെന്നു തെളിഞ്ഞു. ബോള്‍ എഡ്ജ് ചെയ്ത ശേഷമാണ് ക്രോളിയുടെ പാഡിലും തട്ടി റിഷഭിന്റെ കൈകളിലെത്തിയതെന്നു വ്യക്തമായി. മോശം റിവ്യുവിന്റെ പേരില്‍ പരിഹാസ്യനായ പന്ത് മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഹീറോയായി.

Image

മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 183 റണ്‍സിന് എല്ലാവരും പുറത്തായി. 20.4 ഓവറില്‍ 46 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംമ്രയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. മുഹമ്മദ് ഷമി 17 ഓവറില്‍ 28 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 21 റണ്‍സ് എടുത്തിട്ടുണ്ട്.