IND vs ENG: പിഴവ് രോഹിത്തിന്റേത്, പരോക്ഷ വിമര്‍ശനവുമായി അശ്വിന്‍

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം തന്നെ ബോളേല്‍പ്പിക്കാന്‍ വൈകിയ നായകന്‍ രോഹിത് ശര്‍മ്മയുടെ വീഴ്ചയെ പരോക്ഷമായി വിമര്‍ശിച്ച് ആര്‍ അശ്വിന്‍. രണ്ടാം ദിനം വൈകീട്ട് മാധ്യമങ്ങളെ കാണുന്നതിനിടെ അശ്വിന്‍ രോഹിത് ശര്‍മക്കെതിരേ വിമര്‍ശനം ഉന്നയിച്ചത്.

‘ബെന്‍ ഡക്കറ്റ് പൂജ്യത്തില്‍ നില്‍ക്കുമ്പോഴാണ് അവനെതിരേ പന്തെറിയാന്‍ ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. അല്ലാതെ 60-70ല്‍ നില്‍ക്കുമ്പോഴല്ല’ എന്നാണ് അശ്വിന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.

രണ്ടാം ദിനം സാക്ക് ക്രോളിയെ പുറത്താക്കി അശ്വിനാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. അശ്വിന്‍ പന്തെറിയാനെത്തുമ്പോഴേക്കും ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡില്‍ 72 റണ്‍സുണ്ടായിരുന്നു. അശ്വിനെത്തി അധികം വൈകാതെ തന്നെ ഇംഗ്ലണ്ടിന്റെ കൂട്ടുകെട്ട് പൊളിക്കുകയും ചെയ്തു. ഈ വിക്കറ്റോടെ ഇന്ത്യക്കായി 500 ടെസ്റ്റ് വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമായി മാറാന്‍ അശ്വിന് സാധിച്ചിരുന്നു.

അതേസമയം, ഫാമിലി മെഡിക്കല്‍ എമര്‍ജന്‍സി ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്‍ നടന്നുകൊണ്ടിരിക്കുന്ന മൂന്നാം ടെസ്റ്റില്‍ നിന്ന് പിന്മാറിയിരിക്കുകയാണ്. അമ്മയ്ക്ക് രോഗംമൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് അശ്വിന്‍ നാട്ടിലേക്ക് മടങ്ങിയതെന്നാണ് വിവരം.