IND vs ENG: ഇന്ത്യയ്ക്ക് ആശ്വാസം, നാലാം ടെസ്റ്റിൽ സ്റ്റാർ താരം മടങ്ങിയെത്തും

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനുള്ള ടീമില്‍ കെ എല്‍ രാഹുല്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. കെ എല്‍ രാഹുല്‍ പരിക്കില്‍ നിന്ന് മോചിതനായി, ഫെബ്രുവരി 24 ന് റാഞ്ചിയില്‍ ആരംഭിക്കുന്ന അടുത്ത മത്സരത്തിന് മുമ്പ് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

‘കെ എല്‍ രാഹുല്‍ കഠിന പ്രയത്‌നമാണ് നടത്തുന്നത്. റാഞ്ചി ടെസ്റ്റിന് മുമ്പ് മുഴുവന്‍ മാച്ച് ഫിറ്റ്‌നസും നേടാനൊരുങ്ങുകയാണ്. സെലക്ഷനില്‍ അദ്ദേഹം ലഭ്യമാകും’ ബിസിസിഐ മാനേജ്മെന്റിലെ ഒരു ഉന്നത സ്രോതസ്സ് സ്പോര്‍ട്സ് ടാക്കിനോട് പറഞ്ഞു.

പരിക്കിനെത്തുടര്‍ന്ന് കെഎല്‍ രാഹുലിന് ഇംഗ്ലണ്ടിനെതിരായ രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റ് നഷ്ടമായി. അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ലഭ്യത ഫിറ്റ്‌നസിന് വിധേയമായിരുന്നു. താരത്തിന് പകരക്കാരനായി ദേവദത്ത് പടിക്കലിനെ ടീമില്‍ ഉള്‍പ്പെടുത്തി.

കെഎല്‍ രാഹുല്‍ തിരിച്ചെത്തുമ്പോള്‍ ടീമില്‍ രജത് പട്ടീദാറിന്റെ സ്ഥാനം നഷ്ടമാകും. ഇതുവരെ നാല് ഇന്നിംഗ്സുകളില്‍ നിന്ന് മികച്ചതൊന്നും ചെയ്യാനായിട്ടില്ല. പരമ്പരയില്‍ മറ്റ് ബാറ്റര്‍മാര്‍ സംഭാവന നല്‍കിയിട്ടുണ്ട്. നാലാം നമ്പര്‍ ബാറ്റിംഗ് സ്ലോട്ടിലാണ് രാഹുല്‍ ബാറ്റ് ചെയ്യുന്നത്.

ജോലിഭാരം നിയന്ത്രിക്കാന്‍ ജസ്പ്രീത് ബുംറയ്ക്ക് അടുത്ത മത്സരത്തില്‍ വിശ്രമം നല്‍കും. മൂന്ന് ടെസ്റ്റുകളിലായി 80-ലധികം ഓവര്‍ താരം ബോള്‍ ചെയ്തിട്ടുണ്ട്.