IND vs ENG: പാതിവഴിയില്‍ മതിയാക്കി, മൂന്നാം ടെസ്റ്റില്‍നിന്ന് അശ്വിന്‍ പിന്മാറി

ഫാമിലി മെഡിക്കല്‍ എമര്‍ജന്‍സി ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്‍ നടന്നുകൊണ്ടിരിക്കുന്ന മൂന്നാം ടെസ്റ്റില്‍ നിന്ന് പിന്മാറി. കുടുംബത്തിലുണ്ടായ മെഡിക്കല്‍ അത്യാഹിതത്തെത്തുടര്‍ന്ന് അശ്വിന്‍ മത്സരത്തില്‍ നിന്ന് പിന്മാറിയതായും അദ്ദേഹത്തിന് എല്ലാ പിന്തുണയും അറിയിക്കുന്നതായും ബിസിസിഐ പ്രസ്താവനയില്‍ അറിയിച്ചു.

രവിചന്ദ്രന്‍ അശ്വിന്‍ ടെസ്റ്റ് ടീമില്‍ നിന്ന് പിന്മാറി, കുടുംബത്തിലുണ്ടായ ഒരു മെഡിക്കല്‍ അത്യാഹിതം കാരണം ഉടനടി അതിന് അനുമതി നല്‍കി. വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും (ബിസിസിഐ) ടീമും അശ്വിനെ പൂര്‍ണമായി പിന്തുണയ്ക്കുന്നു- ബിസിസിഐയുടെ പ്രസ്താവനയില്‍ പറഞ്ഞു.

അമ്മയ്ക്ക് രോഗംമൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് അശ്വിന്‍ നാട്ടിലേക്ക് മടങ്ങിയതെന്നാണ് വിവരം. പരിക്കുകളില്ലാതെ കളിക്കാരന്‍ പിന്മാറുന്നതിനാല്‍ ഇന്ത്യക്ക് പകരക്കാരനില്ലാതെ കളിക്കേണ്ടി വരും.

മൂന്നാം ടെസ്റ്റ് ആവേശകരമായ മൂന്നാം ദിനത്തിലേക്ക് കടക്കവെ അശ്വിന്റെ അഭാവം ഇന്ത്യക്ക് വലിയ തിരിച്ചടിയാവും. രണ്ടാം ദിനം സാക്ക് ക്രോളിയെ പുറത്താക്കി ഇന്ത്യക്കായി 500 ടെസ്റ്റ് വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമായി മാറാന്‍ അശ്വിന് സാധിച്ചിരുന്നു.