IND vs ENG: 'ഇംഗ്ലണ്ടിനെ പോലെ ഇന്ത്യ കളിക്കില്ല'; നിലപാട് വ്യക്തമാക്കി രാഹുല്‍ ദ്രാവിഡ്

ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കു ഈയാഴ്ച തുടക്കമാവുകയാണ്. വ്യാഴാഴ്ച മുതല്‍ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ആദ്യത്തെ പോരാട്ടം. ഇപ്പോഴിതാ പരമ്പരയില്‍ ഇന്ത്യയുടെ ബാറ്റിംഗ് നിലപാട് എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഇംഗ്ലണ്ടിനെ പോലെ ഇന്ത്യ അള്‍ട്രാ അറ്റാക്കിംഗ് ക്രിക്കറ്റ് കളിക്കില്ലെന്ന് ദ്രാവിഡ് വ്യക്തമാക്കി.

കളി നടക്കുമ്പോള്‍ തീര്‍ച്ചയായും ഒരു വഴിത്തിരിവുണ്ടാകും. ഈ ഘട്ടത്തില്‍ അത് പറയാന്‍ ബുദ്ധിമുട്ടാണ്. ഞങ്ങള്‍ ഇംഗ്ലണ്ടിനെ പോലെ അള്‍ട്രാ അറ്റാക്കിംഗ് ക്രിക്കറ്റ് കളിക്കില്ല. ഞങ്ങളുടെ മുന്നിലുള്ളതും സാഹചര്യം ആവശ്യപ്പെടുന്നതും ഉപയോഗിച്ച് ഞങ്ങള്‍ കളിക്കാന്‍ നോക്കും- ദ്രാവിഡ് പറഞ്ഞു.

‘ബാസ് ബോള്‍’ ഉപയോഗിച്ച്, ഇംഗ്ലണ്ട് സമീപകാലത്ത് കൂടുതല്‍ ആക്രമണാത്മക ക്രിക്കറ്റ് കളിച്ചു. പലപ്പോഴും ചില മത്സരങ്ങളെ ഇത് ചെറിയ സമയ ഫ്രെയിമിലേക്ക് തള്ളിവിടുന്നു. ടെസ്റ്റ് ക്രിക്കറ്റിനെ ആധുനിക ടി20 ഫോര്‍മാറ്റുമായി കൂടുതല്‍ സമന്വയിപ്പിച്ച ഇംഗ്ലണ്ടിനെ കാണാന്‍ ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികളായ ജനങ്ങളും ആവേശത്തിലാണ്.

എന്നിരുന്നാലും, സ്റ്റോക്സിനും മക്കല്ലത്തിനും കീഴില്‍ ഇംഗ്ലണ്ട് ഏറെ വിജയം കണ്ടെത്തി. 18 ടെസ്റ്റുകളില്‍ 13ലും ജയിക്കുകയും നാല് മത്സരങ്ങള്‍ തോല്‍ക്കുകയും ഒരു കളിയില്‍ മാത്രം സമനില വഴങ്ങുകയും ചെയ്തു. സ്വന്തം തട്ടകത്തില്‍ ന്യൂസിലന്‍ഡിനെയും ദക്ഷിണാഫ്രിക്കയെയും തോല്‍പ്പിച്ചപ്പോള്‍ അവര്‍ പാകിസ്ഥാനെ 3-0ന് കീഴടക്കി.