IND VS ENG: 'വിശ്വസിക്കാൻ പ്രയാസം, നിങ്ങൾ എന്തിന് ഇത് ചെയ്തു?'; ചോദ്യം ചെയ്ത് മുന് താരങ്ങൾ

അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടിട്ടും ഇന്ത്യൻ ടീം മാനേജ്മെന്റ് രണ്ടാം ടെസ്റ്റിൽ സൂപ്പർ പേസർ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നൽകാൻ തീരുമാനിച്ചു. ആരാധകർക്കും മുൻ താരങ്ങൾക്കും ഈ തീരുമാനം അത്ര രസിച്ചിട്ടില്ല. ഇന്ത്യൻ മുൻ ക്യാപ്റ്റൻമാരായ സുനിൽ ഗവാസ്കറും രവി ശാസ്ത്രിയും ഈ തീരുമാനം വിശ്വസിക്കാൻ പ്രയാസമാണെന്ന് പറഞ്ഞു.

“ഈ വിഷയം ക്യാപ്റ്റനും മുഖ്യ പരിശീലകനും ശ്രദ്ധിക്കണമായിരുന്നു. തീർച്ചയായും അദ്ദേഹം കളിക്കണമായിരുന്നു. ഒരാഴ്ച നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം ഇല്ലെന്ന് വിശ്വസിക്കാൻ പ്രയാസമാണ്,” എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ബുംറയ്ക്ക് വിശ്രമം നൽകിയ ഇന്ത്യയുടെ തീരുമാനത്തെ വിമർശിച്ചുകൊണ്ട് രവി ശാസ്ത്രി പറഞ്ഞു.

“ഇത് അമ്പരപ്പിക്കുന്നതാണ്. നിങ്ങൾ ആദ്യം പന്തെറിയുകയാണെങ്കിൽ, നിങ്ങൾക്ക് മറ്റാരെക്കാളും അദ്ദേഹത്തെ ആവശ്യമുണ്ട്. നിങ്ങൾ അദ്ദേഹത്തെ ലോർഡ്‌സിനായി നിലനിർത്തുകയാണ്,” സുനിൽ ഗവാസ്കർ സോണി സ്‌പോർട്‌സിൽ പറഞ്ഞു.

അമിത ജോലി ഭാരമല്ല, അസാധാരണമായ ബോളിംഗ് ആക്ഷൻ മൂലമുള്ള അദ്ദേഹത്തിന്റെ തുടർച്ചയായ ലോവർ-ബാക്ക് പ്രശ്‌നമാണ് ആശങ്ക സൃഷ്ടിക്കുന്നത്. 2022-ൽ, ബുംറയ്ക്ക് നടുവിനേറ്റ സ്ട്രെസ് ഫ്രാക്ചറിന് രണ്ടാമത്തെ ശസ്ത്രക്രിയ നടത്തി. ഓസ്‌ട്രേലിയയിൽ ആവർത്തിച്ചുള്ള നടുവേദനയെത്തുടർന്ന് രണ്ട് മാസം കളിയിൽ നിന്ന് വിട്ടുനിന്നു. അതിനാൽ, കർശനമായ വർക്ക്‌ലോഡ് മാനേജ്‌മെന്റ് മാർഗ്ഗനിർദ്ദേശങ്ങൾ അദ്ദേഹം പാലിച്ചു.

സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2023 മുതൽ ഏറ്റവും കൂടുതൽ പന്തെറിഞ്ഞ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജാണ്. ബുംറ രണ്ടാം സ്ഥാനത്തുണ്ട്. 2023 മുതൽ, എല്ലാ ഫോർമാറ്റുകളിലുമായി ബുംറ 603.5 ഓവറുകൾ എറിഞ്ഞു, ശരാശരി 15.87 എന്ന നിലയിൽ 82 വിക്കറ്റുകൾ വീഴ്ത്തി. ഐപിഎൽ കൂടി പരി​ഗണിക്കുമ്പോൾ അദ്ദേഹത്തിന്റെ വർക്ക്‌ലോഡ് ഗണ്യമായി വർദ്ധിച്ചു.

Read more

എന്നാൽ ഓസ്‌ട്രേലിയയിൽ ഇന്ത്യയ്ക്ക് ഒരു മുന്നറിയിപ്പ് സൂചന ലഭിച്ചു. ഇത് കർശനമായ വർക്ക്‌ലോഡ് മാനേജ്‌മെന്റ് നടപ്പിലാക്കാൻ ടീം ഇന്ത്യയെ നിർബന്ധിതരാക്കി. ബോർഡർ-ഗവാസ്കർ ട്രോഫിയിൽ, ബുംറ 151.2 ഓവറുകൾ എറിഞ്ഞു. തുടർന്ന് സിഡ്‌നി ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിൽ നിന്ന് പുറത്തായി. പരിക്കുമൂലം ബുംറയ്ക്ക് രണ്ട് മാസത്തേക്ക് വിശ്രമം വേണ്ടിവന്നതിനാൽ താരത്തിന് ഐസിസി ചാമ്പ്യൻസ് ട്രോഫി അടക്കം നഷ്ടമായിരുന്നു.