'മടിയന്മാര്‍, ചതിയന്മാര്‍, ഇംഗ്ലണ്ട് വിട്ടുപോകൂ'; ഇന്ത്യന്‍ താരങ്ങള്‍ക്ക് എതിരെ ഇംഗ്ലീഷ് ആരാധകരുടെ ആക്രോശം

ഓസ്‌ട്രേലിയന്‍ പര്യടനത്തിലേറ്റ വംശീയ അധിക്ഷേപത്തിന് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇംഗ്ലണ്ടിലും പരിഹാസം. പതിവില്‍ നിന്നും വ്യത്യസ്തമായി ഇംഗ്ലണ്ട് ആരാധകരും ഇന്ത്യന്‍ താരങ്ങള്‍ക്ക് എതിരെ വംശീയ അധിക്ഷേപം നടത്തി. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന ഒന്നാം ടെസ്റ്റിനിടെയാണ് സംഭവം.

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെയായിരുന്നു ആദ്യം വംശീയാധിക്ഷേപം ഉയര്‍ന്നത്. റിവ്യൂ നഷ്ടപ്പെടുത്തിയതോടെ നായകന്‍ വിരാട് കോഹ്‌ലിയായി ഇര. ഇന്ത്യന്‍ താരങ്ങളെ മടിയന്‍മാരെന്നും ചതിയന്‍മാരെന്നുമാണ് കാണികള്‍ വിശേഷിപ്പിച്ചത്. ഇന്ത്യന്‍ ടീമിനെതിരെ അധിക്ഷേപം തുടര്‍ന്നപ്പോള്‍ ഒരു ആരാധിക അത് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിങ്ങള്‍ ഏത് രാജ്യക്കാരിയാണെന്നായിരുന്നു അവരോടുള്ള ചോദ്യം. കുറച്ചെങ്കിലും മാന്യത കാണിച്ചു കൂടേയെന്ന് ചോദിച്ചപ്പോള്‍ ഇന്ത്യയിലേക്ക് മടങ്ങിപ്പോകാനായിരുന്നു മറുപടി.

India and England fans are known for their passion

സംഭവത്തില്‍ 31കാരനായ ഒരാളെ ഗ്രൗണ്ടില്‍ നിന്ന് പുറത്താക്കി. ശേഷം യുവതിയും കുടുംബവും ഇന്ത്യന്‍ ആരാധകര്‍ നിന്ന ഭാഗത്തേക്ക് മാറിയെങ്കിലും ഇംഗ്ലീഷ് ആരാധകര്‍ അധിക്ഷേപം തുടര്‍ന്നു. ഡെല്‍റ്റ എന്ന് വിളിച്ചാണ് അവര്‍ അധിക്ഷേപം തുടര്‍ന്നത്. ഇന്ത്യയില്‍ ആദ്യം കണ്ടെത്തിയ കോവിഡ് വകഭേദമായ ‘ഡെല്‍റ്റ’യെയാണ് ആരാധകര്‍ ഉദ്ദേശിച്ചത്.