ഗില്ലിനും പുജാരയ്ക്കും സെഞ്ച്വറി, ബാറ്റ് താഴ്ത്തി ഇന്ത്യ, പിടിവിട്ട് ബംഗ്ലാദേശ്

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കൂറ്റന്‍ വിജയ ലക്ഷ്യം മുന്നോട്ടുവെച്ച് ഇന്ത്യ. രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെന്ന നിലയില്‍ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. 512 റണ്‍സിന്‍റെ ലീഡാണ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യയ്ക്കായി ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും ചേതേശ്വര്‍ പുജാരയും സെഞ്ച്വറി നേടി. 152 ബോള്‍ നേരിട്ട ഗില്‍ മൂന്ന് സിക്‌സിന്റെയും 10 ഫോറിന്റെയും അകമ്പടിയില്‍ 110 റണ്‍സെടുത്തു.

ചേതേശ്വര്‍ പൂജാര 130 ബോളില്‍ 13 ഫോറിന്റെ അകമ്പടിയില്‍ 102* റണ്‍സെടുത്ത് പുറത്താകാതെ നിന്നു. വിരാട് കോഹ്ലി 19* റണ്‍സെടുത്തു പുറത്താകാതെ നിന്നു. നായകന്‍ കെ.എല്‍ രാഹുല്‍ 23 റണ്‍സെടുത്ത് പുറത്തായി. ബംഗ്ലാദേശിനായി ഖാലിദ് അഹമ്മദ്, മെഹിദി ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യ ഇന്നിംഗില്‍ ഇന്ത്യ നേടിയ 404 റണ്‍സിന് മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 150 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. കുല്‍ദീപ് യാദവിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ആതിഥേയരെ തകര്‍ത്തത്. മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ത്യ ഇലവന്‍- കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ആര്‍. അശ്വിന്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്.

 ബംഗ്ലാദേശ് ഇലവന്‍- സക്കീര്‍ ഹസന്‍, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ, യാസിര്‍ അലി, മുഷ്ഫിഖര്‍ റഹിം, ഷക്കീബ് അല്‍ ഹസന്‍, ലിറ്റന്‍ ദാസ്, നൂറുല്‍ ഹസന്‍, മെഹതി ഹസന്‍ മിറാസ്, തയ്ജുല്‍ ഇസ്ലാം, ഖലീദ് അഹമ്മദ്, ഇബാദത്ത് ഹൊസൈന്‍.