ലബുഷെയ്‌ന് 'കൈവിട്ട്' സഹായം; നിരാശപ്പെടുത്തി ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍

ഓസീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഫീല്‍ഡിംഗില്‍ നിരാശപ്പെടുത്തി ഇന്ത്യന്‍ താരങ്ങള്‍. ഓസ്‌ട്രേലിയന്‍ താരം മാര്‍നസ് ലബുഷെയ്‌നെ 22 റണ്‍സെടുക്കുന്നതിടെ മൂന്നു തവണയാണ് ഇന്ത്യന്‍ താരങ്ങള്‍ കൈവിട്ടത്. വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ, ജസ്പ്രീത് ബുംറ, പൃഥ്വി ഷാ എന്നിവരാണ് ലബുഷെയ്‌നെ കൈവിട്ട് സഹായിച്ചത്.

ലബുഷെയ്ന്‍ പൂജ്യത്തില്‍ നില്‍ക്കവേ ബുംറയുടെ ബോളില്‍ സാഹ കൈവിട്ടതാണ് ഒന്നാമത്തെ രക്ഷപ്പെടല്‍. രണ്ടാമത്തെ രക്ഷപ്പെടല്‍ ബുംറയുടെ വകയായിരുന്നു. മുഹമ്മദ് ഷമി എറിഞ്ഞ 18ാം ഓവറിലെ അവസാന പന്ത് ബൗണ്ടറി ലക്ഷ്യമിട്ട് ലബുഷെയ്ന്‍ പുള്‍ ചെയ്ത പന്ത് ബൗണ്ടറി ലൈനിനരികെ ബുംറ കൈവിട്ടു.

മൂന്നാം രക്ഷപ്പെടല്‍ പൃഥ്വി ഷായുടെ കൈ സഹായത്തിലൂടെയായിരുന്നു. ബുംറ എറിഞ്ഞ 23ാ ഓവറിലെ നാലാം പന്ത് പുള്‍ ചെയ്യാനുള്ള ലബുഷെയ്‌ന്റെ ശ്രമം പാളി. ബാറ്റില്‍ തട്ടി ഉയര്‍ന്ന പന്ത് സ്‌ക്വയര്‍ ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്തിരുന്ന പൃഥ്വി ഷായ്ക്ക് കൈകളിലേക്ക് എത്തിയെങ്കിലും വഴുതി പോയി.

ഇന്ത്യന്‍ താരങ്ങളുടെ സഹായം മുതലെടുത്ത് ക്രീസില്‍ ഓസീസിന്റെ പ്രതീക്ഷയായ് ചുവടുറപ്പിച്ചിരിക്കുകയാണ് ലബുഷെയ്ന്‍. 103 ബോളില്‍ 46 റണ്‍സുമായി അര്‍ദ്ധ സെഞ്ച്വറിക്കരികെയാണ് താരം. നിലവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെന്ന നിലയില്‍ പതറി നില്‍ക്കുകയാണ് ആതിഥേയര്‍.