സാംപ അന്തകനായി; ഇന്ത്യയുടെ തുടക്കം തോല്‍വിയോടെ

ഓസീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 66 റണ്‍സ് തോല്‍വി. ഓസീസ് മുന്നോട്ടുവെച്ച 375 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സെടുക്കാനേ ആയുള്ളു. 76 ബോളില്‍ 90 റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശിഖര്‍ ധവാന്‍ 74 റണ്‍സെടുത്തു.

375 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് സ്‌കോര്‍ ബോർഡില്‍ 53 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേ ആദ്യ വിക്കറ്റ് നഷ്ടമായി. ധവാനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത മായങ്ക് അഗര്‍വാള്‍ 22 റണ്‍സെടുത്ത് പുറത്തായി. പിന്നാലെയെത്തിയ കോഹ്‌ലി 21 റണ്‍സുമായും ശ്രേയസ് അയ്യര്‍ 2 റണ്‍സുമായും കെ.എല്‍ രാഹുല്‍ 12 റണ്‍സുമായും വേഗം പവലിയനില്‍ തിരിച്ചെത്തി. പിന്നാലെ ഒത്തു ചേര്‍ന്ന ധവാന്‍-പാണ്ഡ്യ കൂട്ടുകെട്ട് സ്‌കോര്‍ ബോര്‍ഡില്‍ 128 റണ്‍സ് കൂട്ടി ചേര്‍ത്തു. ധവാന്‍ പുറത്തായതോടെ ഈ ചെറുത്തുനില്‍പ്പ് തകര്‍ന്നു.

Image

ജഡേജ 25 റണ്‍സെടുത്തപ്പോള്‍ സൈനി 29 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഷമി 13 റണ്‍സ് നേടി. ഓസീസിനായി ആദം സാംപ നാലു വിക്കറ്റും ജോഷ് ഹെയ്‌സല്‍വുഡ് മൂന്നു വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക് ഒരു വിക്കറ്റും നേടി.

Image

പ്രമുഖ താരങ്ങളെല്ലാം മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് ഓസീസ് 374 റണ്‍സ് അടിച്ചെടുത്തത്. സെഞ്ച്വറി നേടിയ നായകന്‍ ആരോണ്‍ ഫിഞ്ചിന്‍റെയും സ്റ്റീവ് സ്മിത്തിന്‍റെയും സെഞ്ച്വറി മികവിലാണ് ഓസീസ് കൂറ്റന്‍ വിജയലക്ഷ്യം കുറിച്ചത്.  124 ബോള്‍ നേരിട്ട ഫിഞ്ച് 114 റണ്‍സെടുത്തു. രണ്ട് സിക്സും 9 ഫോറും അടങ്ങുന്നതാണ് ഫിഞ്ചിന്റെ പ്രകടനം.

ഐ.പി.എല്ലിലെ ക്ഷീണം സിഡ്നിയില്‍ തീര്‍ക്കുന്ന സ്മിത്തിനെയും മാക്‌സ്‌വെല്ലിനെയുമാണ് മത്സരത്തില്‍ കാണാനായത്. 36 ബോളില്‍ അര്‍ദ്ധ സെഞ്ച്വറി പിന്നിട്ട സ്മിത്ത് 62 ബോളില്‍ സെഞ്ച്വറിയും നേടി. 66 ബോള്‍ നേരിട്ട സ്മിത്ത് 105 റണ്‍സെടുത്താണ് പുറത്തായത്. 4 സിക്‌സും 11 ഫോറും അടങ്ങുന്നതായിരുന്നു സ്മിത്തിന്റെ പ്രകടനം. മാക്‌സ്‌വെല്‍ 19 ബോളില്‍ 3 സിക്‌സിന്റെയും 5 ഫോറിന്റെയും അകമ്പടിയില്‍ 45 റണ്‍സ് നേടി.

Image

76 ബോള്‍ നേരിട്ട വാര്‍ണര്‍ ആറ് ഫോറുകളുടെ അകമ്പടിയില്‍ 69 റണ്‍സ് നേടി. ഫിഞ്ച്-വാര്‍ണര്‍ ഓപ്പണിംഗ് കൂട്ടുകെട്ട് 156 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. സ്‌റ്റോയിനിസ് (0), മാര്‍നസ് ലബുഷെയ്ന്‍ (2) എന്നിവര്‍ നിരാശപ്പെടുത്തി. അലെക്സ് ക്യാരി 17 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ഷമി മൂന്നും ബുംറ, സെെനി, ചഹല്‍ എന്നിവര്‍ ഓരോ  വിക്കറ്റ് വീതവും വീഴ്ത്തി.