പണ്ട് മറ്റ് ടീമുകളിൽ നോക്കി കൊതിച്ചിരുന്നു, ഇന്ന് ആഗ്രഹിച്ചതില്‍ അധികം കിട്ടുന്നു

അജു റഹീം

അപാരമായവേഗത കൊണ്ട് ബാറ്റർമാരെ വിറപ്പിക്കുന്ന ഇന്ത്യൻ പേസ് ബൗളർമാർ അഥവാ ഇന്ത്യൻ പേസ് റെവല്യൂഷ്യൻ. (എന്തായിരിക്കും മാറ്റത്തിന് കാരണം ?? ). ഒരു വലിയ കാലഘട്ടം മുഴുവൻ ടി വി യിൽ ക്രിക്കറ്റ് മത്സരം കാണുമ്പോൾ ഓരോ ഇന്ത്യക്കാരും മനസ്സിലെങ്കിലും ചോദിച്ച ഒരു ചോദ്യമുണ്ടാകും.

എഴുപതുകളിലേയും എണ്‍പതുകളിലേയും തുടങ്ങി പ്രബല ടീമുകളുടെ ടീമുകളുടെ പേസ് നിരയെടുത്താൽ കരീബിയൻ കരുത്തരായ ജോയല്‍ ഗാര്‍ണര്‍,ഹോള്‍ഡര്‍,സില്‍വസ്റ്റര്‍ ക്ലാര്‍ക്ക്, മാര്‍ക്കം മാര്‍ഷല്‍, കോട് നി വാള്‍ഷ്, കട്ട്ലി ആംബ്രോസ് ൽ തുടങ്ങി ഓസ്‌ട്രേലിയയുടെ ഡെന്നീസ് ലില്ലി, ജെഫ് തോം,മക്ടര്‍മോട്ട് ഇംഗ്ളണ്ടിൽ നിന്നും ബോബ് വില്ലിസ്, ജോണ്‍ ലിവര്‍, ഇയാന്‍ ബോത്തം പാക്കിസ്താനിൽ ഇമ്രാന്‍ ഖാന്‍ ൽ തുടങ്ങിയ വലിയ നിര വേറെ ,ശേഷം 90 കളിലും 2000 ത്തിന്റെ ആദ്യ പകുതികളിലും ലോകത്തെ ഏറ്റവും മികച്ച ഏതൊരു ബാറ്ററെയും വെള്ളം കുടിപ്പിച്ച ഷുഹൈബ് അക്തറും ബ്രെറ്റ് ലീ യും ഗില്ലസ്പിയും ഡൊണാൾഡും സ്റ്റെയിനും ടൈറ്റുമൊക്കെ 140 നും 150 മുകളിൽ വേഗതയിൽ അനായാസം പന്തെറിയുമ്പോൾ, പ്രസ്തുത ലിസ്റ്റിൽ മീഡിയം പേസർ മേൽവിലാസം പേറുന്ന ഒരൊറ്റ ഇന്ത്യൻ ബൗളർമാരെ പോലും മഷി ഇട്ടു നോക്കിയാൽ കാണില്ല.

എന്ത് കൊണ്ട് ഇന്ത്യയിൽ നിന്നും ഇത്രയും വേഗതയിൽ പന്തെറിയുന്ന ഫാസ്റ്റ് ബൗളർമാരില്ല / ഉണ്ടാകുന്നില്ല എന്ന ചോദ്യം ബാക്കിയാക്കി . ഇക്കാലയളവിൽ നമുക്കുണ്ടായിരുന്ന” മീഡിയം പേസർമാർ” ദീര്‍ഘ സ്‌പെല്ലുകളില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പിച്ചുകളില്‍ ദൗര്‍ബല്യം അധികം പ്രകടമാകാറില്ലെങ്കിലും വിദേശ പിച്ചുകളില്‍ ഇവര്‍ക്ക് ശരിക്കും അടിപതറുന്നതു പോലും നമ്മൾ പലതവണ കണ്ടു .

കപിലിനു ശേഷം 90 കളിൽ ജവഗൽ ശ്രീനാഥും വെങ്കിടേഷ് പ്രസാദ് ഉം അഗർക്കറും ശേഷം വന്ന തലമുറയിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ സഹീർ ഖാനും ,ആശിഷ് നെഹ്റയും ഇർഫാൻ പത്താനും പിന്നെ നമ്മുടെ ശ്രീശാന്തുമൊക്കെ മികച്ച സീമേഴ്‌സ് ആയിരുന്നെങ്കിലും നേരെത്തെ പറഞ്ഞ മേൽവിലാസത്തിൽ പൂർണമായും ഉൾപ്പെടുത്താവുന്നവരായിരുന്നില്ല.

ഇടക്കാലത്തു 140 നു മുകളിൽ പന്തെറിയുന്ന ബൗളർ എന്ന ഖ്യാതി മുനാഫ് പട്ടേലിന് ഇന്ത്യൻ ടീമിലെത്തും മുൻപേ ഉണ്ടായിരുന്നെങ്കിലും ഫിറ്റ്നസ് പ്രശ്‍നങ്ങൾ മൂലം ടീമിലെത്തിയപ്പോൾ മീഡിയം പെയ്സർ ആയി . കാലം മാറി ,കഥ മാറി .സമീപകാലത്ത് ലോക ക്രിക്കറ്റില്‍ വേഗവും സ്ഥിരതയും പരിഗണിക്കുമ്പോള്‍ ,കരീബിയൻ ,ദക്ഷിണാഫ്രിക്കയുള്‍പ്പെടെയുള്ള പരമ്പരാഗത പേസ് ബൗളിങ്ങ് ശക്തികള്‍ നിലവാരത്തകര്‍ച്ച നേരിടുമ്പോൾ 140 നും 150 നും മുകളിൽ തുടർച്ചയായി പന്തെറിയുന്ന മനോഹരമായി,നിയന്ത്രണത്തോടെ ഷോര്‍ട്ട് ബോള്‍ എറിയുന്ന ബൗളർമാർ ഇന്ത്യയിൽ നിന്നും തുടർച്ചയായി ഉയർന്നു വരുന്നു.

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഡെത് ബൗളർമാരിൽ ഒരാളായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പേസ് നിരയുടെ നട്ടെല്ലായ ജസ്പ്രീത് ബൂംറ മുതൽ മുഹമ്മദ് ഷമിയും ഉമേഷ് യാദവും മുഹമ്മദ് സിറാജ് ഉം പരിചയ സമ്പന്നനായ ഇഷാന്ത് ശർമ്മയും തുടങ്ങി മണിക്കൂറിൽ 150 km നു മുകളിൽ ആറും പന്തും എറിയുന്ന ,അടുത്ത പന്ത് ഒരു ബൗണ്‍സറാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ ലോങ് ലെഗ്ഗിലേക്ക് ഒരു ഫീല്‍ഡറെ കൂടി നിര്‍ത്തിയ ശേഷം വേഗതയേറിയ ഒരു യോര്‍ക്കറിലൂടെ ബാറ്റ്‌സ്മാനെ പുറത്താക്കുന്ന പുത്തൻ താരോദയം ഉമ്രാൻ മാലിക് വരെ നീളുന്നു ആ ലിസ്റ്റ് .എന്തായിരിക്കും 2015 നൊക്കെ ശേഷം ഇത്തരമൊരു പ്രബലമായ മാറ്റത്തിന് കാരണം ??

* മുൻ തലമുറയെക്കാൾ ഫിറ്റ്നസ്സിനും ഭക്ഷണ ശീലത്തിനും ആധുനിക ബൗളർമാർ നൽകുന്ന പ്രാമുഖ്യം.
*പരമ്പരാഗത സ്പിൻ പിച്ചുകളെക്കാൾ ഫാസ്റ്റ് ബൗളിംഗ് നു കൂടി അനുയോജ്യകരമായ പിച്ചും അനുബന്ധ സാഹചര്യങ്ങളും ഇന്ത്യൻ മണ്ണിൽ സംജാതമായത്.
* പേസ് ബൗളിംഗ് കോച്ചും GPS tracking training system അടക്കമുള്ള അത്യാധുനിക പരിശീലനം.

ഐ പി എൽ 2022 ൽ ഉമ്രാൻ മാലിക്കിനെ കൂടാതെ തന്നെ താരതമ്യേന പുതുമുഖങ്ങളായ മുകേഷ് ചൗധരി ,പ്രസീദ് കൃഷണ ,ഖലീൽ അഹമ്മദ് ,നവദീപ് സെയ്നി മുഹ്‌സിൻ ഖാൻ ,ആവേശ് ഖാൻ ,കുൽദീപ് സെൻ ,കാർത്തിക് തിയാഗി, ശിവം മാവി ,വരുൺ ആരോൺ തുടങ്ങിയവരൊക്കെയും ഫ്രീക്വന്റ് ആയി 90 മൈലുകൾക്കപ്പുറത്തേക്ക് പന്തെറിയുന്നവരാണ് എന്ന വസ്തുത ഇപ്പറഞ്ഞ റെവല്യൂഷന്റെ ബാഹുല്യം സമർദ്ധീകരിക്കുന്നു.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ