2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ലെ മോശം ഫോമിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (എൽഎസ്‌ജി) ക്യാപ്റ്റൻ ഋഷഭ് പന്ത് എംഎസ് ധോണിയിൽ നിന്ന് ഉപദേശം തേടണമെന്ന് മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ വീരേന്ദർ സേവാഗ് ആവശ്യപ്പെട്ടു. ഇന്നലെ ധർമ്മശാലയിലെ എച്ച്‌പിസിഎ സ്റ്റേഡിയത്തിൽ പഞ്ചാബ് കിംഗ്‌സിനോട് (പിബികെഎസ്) 37 റൺസിന് തോറ്റപ്പോൾ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ 18 റൺ മാത്രം നേടി പുറത്തായി.
ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ (സിഎസ്‌കെ) അർദ്ധസെഞ്ച്വറി നേടിയതൊഴിച്ചാൽ, ഈ സീസണിൽ പന്തിന് ബാറ്റ് കൊണ്ട് കാര്യമായൊന്നും ചെയ്യാനില്ല. പിബികെഎസിനെതിരായ നടന്ന മത്സരത്തിൽ, അർഷ്ദീപ് സിംഗ് നടത്തിയ അതിശയകരമായ ഓപ്പണിംഗ് സ്പെല്ലിന് ശേഷം പവർപ്ലേയ്ക്കുള്ളിൽ തന്നെ പന്ത് ബാറ്റ് ചെയ്യാൻ ഇറങ്ങി.
തുടക്കത്തിൽ സിക്സ് അടിച്ചും ചാഹലിനെ നന്നായി നേരിട്ടും തുടങ്ങിയ പന്തിന് താളം നഷ്ടപ്പെട്ടു. റൺ കണ്ടെത്താൻ ബുദ്ധിമുട്ടിയ താരം എട്ടാം ഓവറിൽ അസ്മത്തുള്ള ഒമർസായിക്കെതിരെ കളിച്ച മോശം ഷോട്ട് താരത്തിന്റെ വിക്കറ്റിലേക്ക് നയിച്ചു. ടൈമിംഗ് തെറ്റിയതിനാൽ ബാറ്റ് അദ്ദേഹത്തിന്റെ കൈകളിൽ നിന്ന് വഴുതി ഔട്ട്ഫീൽഡിൽ വീണു. എന്തായാലും ഡീപിൽ ശശാങ്ക് എടുത്ത മനോഹരമായ ക്യാച്ചിന് ഒടുവിൽ പന്ത് മടങ്ങി.
സെവാഗ് പറഞ്ഞത് ഇങ്ങനെ :
“എന്റെ അഭിപ്രായത്തിൽ, ഐപിഎല്ലിൽ മോശം ഫോമിൽ കളിക്കുന്ന അദ്ദേഹം റൺ നേടിയ കാലത്തെ അദ്ദേഹത്തിന്റെ തന്നെ വിഡിയോകൾ കാണണം. അത് കാണുമ്പോൾ നിങ്ങൾക്ക് ആത്മവിശ്വാസം ലഭിക്കും, നിങ്ങൾ എങ്ങനെയായിരുന്നു ഇന്നിംഗ്‌സ് കൊണ്ടുപോയതെന്ന് നിങ്ങൾക്ക് ഓർമ്മവരും. പരിക്കിനുശേഷം പന്തിന് പഴയ താളം ഇല്ല എന്നുള്ളത് സത്യമാണ് ” സെവാഗ് ക്രിക്ക്ബസിൽ പറഞ്ഞു.
“അദ്ദേഹത്തിന് ഒരു ഫോൺ ഉണ്ട്. അദ്ദേഹത്തിന് അത് എടുത്ത് ആരെ വേണമെങ്കിലും വിളിക്കാം. മാനസികമായി താൻ ബുദ്ധിമുട്ടിൽ ആണെന്ന് അദ്ദേഹത്തിന് തോന്നുന്നുവെങ്കിൽ, അദ്ദേഹത്തെ സഹായിക്കാൻ കഴിയുന്ന നിരവധി ക്രിക്കറ്റ് താരങ്ങളുണ്ട്. ധോണിയെ തന്റെ റോൾ മോഡലായി അദ്ദേഹം കരുതുന്നുവെങ്കിൽ, പന്ത് അദ്ദേഹത്തോട് സംസാരിക്കണം,” മുൻ ബാറ്റ്‌സ്മാൻ കൂട്ടിച്ചേർത്തു.
Read more
ഋഷഭ് പന്ത് ഇതുവരെ 11 മത്സരങ്ങളിൽ നിന്ന് 12.80 ശരാശരിയിലും 99.22 സ്ട്രൈക്ക് റേറ്റിലും 128 റൺസ് മാത്രമേ നേടിയിട്ടുള്ളൂ. സീസൺ അവസാനത്തിലേക്ക് വരാൻ പന്തിന്റെ ഫോം മാത്രമല്ല സീസണിൽ നന്നായി കളിച്ചുവന്ന നിക്കോളാസ് പൂരനും മിച്ചൽ മാർഷിനും താളം നഷ്ടപ്പെട്ടതും ടീമിന് തിരിച്ചടിയായിട്ടുണ്ട്.