ന്യുസിലാൻഡിനെതിരെ നടന്ന അവസാന ഏകദിന മത്സരത്തിൽ ഇന്ത്യ വീണ്ടും തോറ്റിരുന്നു. ഇതോടെ ഏകദിന പരമ്പര കീവികൾ 2-1 നു സ്വന്തമാക്കി. 41 റൺസിനാണ് ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്. ഇന്ത്യക്കായി വിരാട് കോഹ്ലി, ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്‌ഡി എന്നിവർ മാത്രമാണ് തിളങ്ങിയത്. കീവികൾക്ക് വേണ്ടി സെഞ്ച്വറിയടിച്ച ഡാരിൽ മിച്ചലിന്റെയും ഗ്ലെൻ ഫിലിപ്‌സിന്റെയും ബാറ്റിങ് മികവിലാണ് ന്യൂസിലാൻഡ് 337 എന്ന മികച്ച സ്‌കോറിലെത്തിച്ചത്.
അവസാന മത്സരത്തിൽ 338 പിന്തുടർന്ന ഇന്ത്യക്ക് വേണ്ടി 124 റൺസ് നേടി തിളങ്ങാൻ വിരാടിന് സാധിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ മികവിനെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് മുൻ ന്യൂസിലാൻഡ് പേസ് ബൗളർ സൈമൺ ഡൗൾ. വിരാടിന് 44-45 വയസ്സ് വരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടരാൻ സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
” വിരാട് കളിച്ച ചില ഷോട്ടുകൾ വളരെ ക്ലീനായിരുന്നു. അതിനപ്പുറം, അദ്ദേഹം ഫീൽഡ് കൈകാര്യം ചെയ്യുന്ന രീതിയും വിക്കറ്റുകൾക്കിടയിൽ എങ്ങനെ ഓടുന്നു എന്നതും പ്രധാനമാണ്. അദ്ദേഹത്തിൽ ഇപ്പോഴും ഒരു യുവത്വമുണ്ട്. പ്രായവും അനുഭവപരിചയവും ഉണ്ടായിരുന്നിട്ടും, ആ ടീമിലെ ഏറ്റവും ഫിറ്റായ വ്യക്തി അദ്ദേഹമാണ്. അതാണ് പ്രൊഫഷണലിസം’
Read more
‘മത്സരങ്ങൾ ജയിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കാനുള്ള മനസ്സ്, ടീം പിന്നിലായിരിക്കുമ്പോൾ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശക്തി. സ്വന്തം റൺസിനും സഹതാരങ്ങൾക്കും വേണ്ടി ചെയ്യുന്ന കഠിനാധ്വാനം. ഇപ്പോൾ അവൻ കളിക്കുന്ന രീതിയെ ഇഷ്ടപെടാൻ ഒരുപാട് കാര്യങ്ങളുണ്ട്. 44 അല്ലെങ്കിൽ 45 വയസ്സ് വരെ അവൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടരട്ടെ’ സൈമൺ ഡൗൾ പറഞ്ഞു.







