കമന്ററി ബോക്സിൽ ഒരു രാജാവ് ഉണ്ടെങ്കിൽ അത് അദ്ദേഹമാണ്, മുൻ ഇന്ത്യൻ താരത്തെ പുകഴ്ത്തി ആരോൺ ഫിഞ്ച് രംഗത്ത്; ബാക്കി പ്രമുഖർ ആ റേഞ്ചിനൊപ്പം എത്തില്ലെന്നും പ്രതികരണം

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും പ്രശസ്തനായ കമന്റേറ്റർമാരിൽ ഒരാളാണ് രവി ശാസ്ത്രി. കാലങ്ങളായി പല ടൂര്ണമെന്റുകളും കമന്ററി ബോക്‌സിന്റെ ഭാഗമായ അദ്ദേഹം ഐസിസി ടൂർണമെന്റുകൾ, ഉഭയകക്ഷി പരമ്പരകൾ, ഇന്ത്യൻ പ്രീമിയർ ലീഗ്, മറ്റ് മത്സരങ്ങൾ എന്നിവ കവർ ചെയ്തിട്ടുണ്ട്.

2023ലെ ബിഗ് ബാഷ് ലീഗിനും ഓസ്‌ട്രേലിയയും പാക്കിസ്ഥാനും തമ്മിലുള്ള വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്‌ക്കുമായി ശാസ്ത്രി അടുത്തിടെ ഫോക്‌സ് ക്രിക്കറ്റിൽ കമന്റേറ്റർ ആയി ചേർന്നു. മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഇപ്പോഴിതാ രവി ശാസ്ത്രിയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.

“അദ്ദേഹം കമന്ററിയുടെ രാജാവാണ്, വളരെക്കാലമായി ക്രിക്കറ്റിന്റെ ശബ്ദമായിരുന്നു. അദ്ദേഹം ഇവിടെ കമന്ററി പറയാൻ എത്തുന്നത് വളരെ നല്ലതാണ് ”ഫിഞ്ച് പറഞ്ഞു. ഇന്ത്യൻ ടീമുമായുള്ള കോച്ചിംഗ് കരാർ നിറവേറ്റുന്നതിനായി ശാസ്ത്രി അഞ്ച് വർഷത്തോളം കമന്ററിയിൽ നിന്ന് വിട്ടുനിന്നിരുന്നു. 2021 ലെ ടി20 ലോകകപ്പിന്റെ സമാപനത്തിന് ശേഷം ഇന്ത്യൻ ടീമുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം രവി ബോക്സിലേക്ക് മടങ്ങി.

ഇപ്പോൾ സമാപിച്ച ലോകകപ്പ് മത്സരത്തിലും താരം കമന്ററി ബോക്സിന്റെ ഭാഗമായി ഉണ്ടായിരുന്നു. ഐപിഎൽ 2023ലും ഇതിഹാസ ഓൾറൗണ്ടറെ കമന്ററി ബോക്സിൽ കാണാം.