പിങ്ക് പന്തില്‍ ഇന്ത്യയിലാണ് കളിയെങ്കില്‍ ശ്രീലങ്കയ്ക്ക് രക്ഷയില്ല ; രോഹിത് ശര്‍മ്മയാണ് നായകനെങ്കില്‍ തീരെ രക്ഷയില്ല

ഇന്ത്യയൂം ശ്രീലങ്കയും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം വിജയിച്ചതോടെ രണ്ടാം മത്സരത്തിനായി ആവേശത്തോടെയാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. ശനിയാഴ്ച മുതല്‍ ഡേ നൈറ്റായി നടക്കുന്ന ടെസ്റ്റ് പിങ്ക് പന്തിലാണ് കളി. നിലവിലെ കളിക്കണക്കിന്റെ സാധ്യത വെച്ചു നോക്കിയാല്‍ പിങ്ക് പന്തില്‍ ഇന്ത്യയിലാണ് കളിക്കുന്നതെങ്കില്‍ ശ്രീലങ്കയ്ക്ക് തീരെ രക്ഷയില്ലെന്നാണ് ആരാധകരുടെ കണക്കു കൂട്ടല്‍. നിലവിലെ ഫോം വെച്ച് രോഹിത് ശര്‍മ്മയ്ക്ക് കീഴിലാണെങ്കില്‍ ഇന്ത്യ തോല്‍ക്കാനേ പോകുന്നില്ലെന്ന് ആരാധകര്‍ കരുതുന്നു.

പിങ്ക് ബോള്‍ ടെസ്റ്റിന്റെ ചരിത്രമെടുത്താല്‍ നാട്ടില്‍ ഇന്ത്യ കളിക്കുന്ന മൂന്നാമത്തെ മാത്രം മല്‍സരമാണിത്. 2019ല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരേയായിരുന്നു ഇന്ത്യയുടെ ആദ്യത്തെ പി്ങ്ക് പന്ത് മത്സരം. തൊട്ടുപിന്നാലെ അഹമ്മദാബാദില്‍ ഇംഗ്‌ളണ്ടിനെതിരേ നടന്ന പിങ്ക് പന്ത് ടെസ്റ്റില്‍ ഇന്ത്യ ഇംഗ്‌ളണ്ടിനെ 10 വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ഈ രണ്ടു ടെസ്റ്റ് വിജയങ്ങളുടെ ഊര്‍ജ്ജത്തിലാണ് ഇന്ത്യ ലങ്കയ്ക്ക് എതിരേ പിങ്ക് ബോള്‍ കളിക്കാനിറങ്ങുന്നത്. ഇതിനൊപ്പം രോഹിത് ശര്‍മ്മയ്ക്ക്് കീഴില്‍ ഇന്ത്യ ഇതുവരെ വൈറ്റ് ബോളില്‍ കളിച്ച ഒരു പരമ്പരയിലെയും ഒരു മത്സരവും തോറ്റിട്ടില്ല എന്ന റെക്കോഡ് കൂടി ചേരുന്നതോടെ ശ്രീലങ്കയ്‌ക്കെതിരേ സമ്പൂര്‍ണ്ണ വിജയമുണ്ടാകുമെന്ന് തന്നെ കണക്കാക്കണം.

പി്ങ്ക് ബോളില്‍ നടക്കുന്ന ടെസ്റ്റ് മത്സരം ശനിയാഴ്ച ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലായിരിക്കും തുടക്കമാവുക. ഉച്ചയ്ക്കു രണ്ടു മണിക്ക് തുടങ്ങുന്ന മത്സരത്തില്‍ ഒരു മാറ്റവുമായിട്ടാകും ഇന്ത്യ ഇറങ്ങുക. സ്പിന്നര്‍ ജയന്ത് യാദവിന് പകരക്കാരനായി ജയന്തിനു പകരം രണ്ടാം ടെസ്റ്റിനുള്ള സ്‌ക്വാഡിലേക്കു ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ ഇന്ത്യ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും. രോഹിത് ശര്‍മയ്ക്കു കീഴില്‍ ന്യൂസിലാന്റിനും വെസ്റ്റിന്‍ഡീസിനുമെതിരേ ട്വന്റി20 വിന്‍ഡീസിനെതിരേ ഏകദിനം, ശ്രീലങ്ക ടി20 എന്നീ പരമ്പരകളെല്ലാം ഇന്ത്യ തൂത്തുവാരിയിരുന്നു.

Read more

സാധ്യതാ പ്ലെയിങ് ഇലവന്‍ ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ഹനുമ വിഹാരി, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ. ശ്രീലങ്ക- ദിമുത് കരുണരത്ന (ക്യാപ്റ്റന്‍), ലഹിരു തിരിമാനെ, പതും നിസങ്ക, ഏഞ്ചലോ മാത്യൂസ്, ധനഞ്ജയ് ഡി സില്‍വ, ചരിത് അസലങ്ക, നിരോഷന്‍ ഡിക്വെല്ല, സുരങ്ക ലക്മല്‍, ലസിത് എംബുല്‍ദെനിയ, വിശ്വ ഫെര്‍ണാണ്ടോ, ദുഷ്മന്ത ചമീര.